എൽപിജിക്ക് ബദലായി എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന സ്റ്റൗ വിപണിയിലെത്തിക്കാൻ കേന്ദ്ര സർക്കാർ. പാചകവാതക വിലക്കയറ്റവും വിതരണ പ്രതിസന്ധിയും തുടരുന്നതിനിടെ എഥനോൾ അടിസ്ഥാനമാക്കിയുള്ള സ്റ്റൗ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
കരിമ്പ്, ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന് നിർമിക്കുന്ന ഒരു ജൈവ ഇന്ധനമാണ് എഥനോൾ. സാധാരണ പാചക ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ മോണോക്‌സൈഡ് പോലുള്ള മാരകമായ വാതകങ്ങളുടെ പുറന്തള്ളൽ എഥനോളിന് വളരെ കുറവാണ്. 2014-ൽ പെട്രോളിൽ വെറും 1.5 ശതമാനമായിരുന്ന എഥനോൾ മിശ്രണം 2025-ഓടെ 20 ശതമാനത്തിലെത്തിച്ച ശ്രദ്ധേയമായ പുരോഗതിയാണ് പുതിയ പദ്ധതിക്ക് അടിത്തറയാകുന്നത്.
ഐഐടികളുടെ നേതൃത്വത്തിൽ എഥനോൾ സ്റ്റൗയുടെ സാങ്കേതിക പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ബ്രസീൽ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ എഥനോൾ പാചക ഇന്ധനമായി ഉപയോഗിക്കുന്നതും വിലയിരുത്തുന്നുണ്ട്.
എന്നാൽ പദ്ധതി മുന്നോട്ട് പോകുമ്പോഴും ചില വെല്ലുവിളികൾ നിലനിൽക്കുന്നു. നിലവിൽ എൽപിജിയെ അപേക്ഷിച്ച് എഥനോളിന്റെ വില കൂടുതലാണ്. സ്റ്റൗവിന്റെ വിലയും സാധാരണ ഗ്യാസ് സ്റ്റൗകളെക്കാൾ ഉയർന്നേക്കും. കൂടാതെ രാജ്യവ്യാപകമായ വിതരണ ശൃംഖല ഇപ്പോൾ എഥനോളിനില്ല. അതിനാൽ വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ ഉപയോഗത്തിലേക്ക് എത്താൻ കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യമായി വരും.
അതേസമയം, എഥനോൾ ഉപയോഗം വർധിക്കുന്നത് എൽപിജി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഉപയോഗിച്ച 31.3 ദശലക്ഷം ടൺ എൽപിജിയിൽ 20.66 ദശലക്ഷം ടണ്ണും ഇറക്കുമതി ചെയ്തതായിരുന്നു. അതോടൊപ്പം, കർഷകർക്ക് അധിക വരുമാനവും പരിസ്ഥിതിക്ക് കുറഞ്ഞ മലിനീകരണവും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
