ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ റേഞ്ച് റോവർ വാഹനങ്ങളുടെ വില കുത്തനെ കുറച്ച് ജഗ്വാർ ലാൻഡ് റോവർ. ബ്രിട്ടനിൽ പൂർണമായി നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ആഡംബര മോഡലുകൾക്കാണ് പുതിയ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക.
കമ്പനിയുടെ അറിയിപ്പുപ്രകാരം റേഞ്ച് റോവർ എസ്.വി, റേഞ്ച് റോവർ സ്പോർട്സ് എസ്.വി എന്നീ മോഡലുകളുടെ വിലയിൽ 75 ലക്ഷം രൂപ വരെയാണ് കുറവ് വരുന്നത്.
ഇതനുസരിച്ച് റേഞ്ച് റോവർ എസ്.വി.യുടെ എക്സ്ഷോറൂം വില 4.25 കോടി രൂപയിൽ നിന്ന് 3.5 കോടിയായി കുറഞ്ഞു. റേഞ്ച് റോവർ സ്പോർട്സ് എസ്.വി.യുടെ വില 2.75 കോടിയിൽ നിന്ന് 2.35 കോടിയായും പുതുക്കി നിശ്ചയിച്ചു.
ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി നടപ്പിലാകുന്ന പുതിയ നികുതിഘടന അനുസരിച്ചാണ് വിലയിൽ മാറ്റം വരുത്തിയതെന്ന് കമ്പനി വ്യക്തമാക്കി.
നികുതി ഭാരം കുറയുന്നതോടെ ബ്രിട്ടീഷ് നിർമ്മിത ആഡംബര വാഹനങ്ങളുടെ വിൽപന ഇന്ത്യയിൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് ജഗ്വാർ ലാൻഡ് റോവർ. വിലക്കുറവ് ഇന്ത്യൻ ആഡംബര വാഹന വിപണിയിലും വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
