ഒരു ചായയ്ക്ക് 15 രൂപ. ഒരു ചപ്പാത്തിക്കും അധിക വില. സാധാരണക്കാരന്റെ ദിവസച്ചെലവിൽ വീണ്ടും വലിയ തിരിച്ചടിയായി ഹോട്ടൽ ഭക്ഷണങ്ങളുടെ നിരക്ക് കുതിച്ചുയരുന്നു. പാചകവാതക വിലക്കയറ്റവും സിലിണ്ടർ ക്ഷാമവും രൂക്ഷമായതോടെ സംസ്ഥാനത്തെ ചെറുകിട ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാണ്. ചില ഹോട്ടലുകൾ പ്രവർത്തനം ചുരുക്കുമ്പോൾ പലതും വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലെത്തി.
മിക്ക ഹോട്ടലുകളിലും ചായയുടെ വില 10–12 രൂപയിൽ നിന്ന് 15 രൂപയായി ഉയർന്നു. കാപ്പിക്ക് 22 മുതൽ 25 രൂപവരെയാണ് ഈടാക്കുന്നത്. ചപ്പാത്തിക്ക് ഒരു രൂപ മുതൽ അഞ്ച് രൂപവരെ വർധനയുണ്ടായി. ഊണ്, ബിരിയാണി തുടങ്ങിയ പ്രധാന ഭക്ഷണ ഇനങ്ങൾക്ക് 10 മുതൽ 20 ശതമാനംവരെ വില കൂട്ടിയിട്ടുണ്ട്. ലഘുഭക്ഷണങ്ങൾക്കും പലഹാരങ്ങൾക്കും മൂന്ന് മുതൽ എട്ട് രൂപവരെ അധികം നൽകേണ്ട സ്ഥിതിയാണ്.
തൊഴിലാളികൾ, ദിവസവേതനക്കാർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് വിലക്കയറ്റത്തിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നത്. നഗരങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും ഹോട്ടൽ ഭക്ഷണം ഒഴിവാക്കാനാകാത്ത സാഹചര്യമാണ്.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നതും ആവശ്യത്തിന് ലഭിക്കാത്തതും ഹോട്ടലുടമകളെ വലയ്ക്കുകയാണ്. സാധാരണ ആവശ്യത്തിന്റെ 60 മുതൽ 65 ശതമാനം വരെ സിലിണ്ടറുകൾ മാത്രമാണ് ലഭിക്കുന്നതെന്ന് ഹോട്ടൽ മേഖലയിലെ സംഘടനകൾ പറയുന്നു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ചില ഹോട്ടലുകൾ പാചകം പരിമിതപ്പെടുത്തുകയും ചിലത് ഭാഗികമായി പ്രവർത്തനം നിർത്തുകയും ചെയ്തു.
പാചകവാതകത്തിനൊപ്പം പാൽ, ഭക്ഷ്യഎണ്ണ, പച്ചക്കറി എന്നിവയുടെ വിലവർധനയും ഹോട്ടൽ മേഖലയുടെ ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. വില വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ഉടമകൾ പറയുന്നത്. എന്നാൽ വില കൂട്ടിയതോടെ ഹോട്ടലുകളിലെ തിരക്ക് കുറയുമോയെന്ന ആശങ്കയും ശക്തമാണ്.
പ്രതിസന്ധി അതിരൂക്ഷമായതോടെ പല ചെറുകിട ഹോട്ടലുകളും വീണ്ടും വിറകടുപ്പുകളിലേക്ക് തിരിഞ്ഞു. പുക കുറഞ്ഞതും ഇന്ധന ലാഭമുള്ളതുമായ റോക്കറ്റ് സ്റ്റൗവുകളും ചില ഇടങ്ങളിൽ പരീക്ഷിക്കുന്നുണ്ട്. ഗ്രാമീണ ഹോട്ടലുകളിൽ ലളിതമായ ഭക്ഷണ ഇനങ്ങളിലേക്ക് പ്രവർത്തനം ചുരുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ കരിഞ്ചന്ത വിപണിയും സജീവമായി. ഏകദേശം 3,100 രൂപ വിലയുള്ള വാണിജ്യ സിലിണ്ടറുകൾ 4,000 മുതൽ 7,000 രൂപവരെ വിലയ്ക്ക് വിറ്റഴിക്കുന്നതായി ആരോപണമുണ്ട്. ഹോട്ടലുകളിൽ ഗാർഹിക സിലിണ്ടറുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറക്കുമതി ബാധിക്കപ്പെട്ടതോടെയാണ് പാചകവാതക മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. ഹോട്ടൽ മേഖലയ്ക്ക് സബ്‌സിഡി അനുവദിക്കുകയോ വാണിജ്യ സിലിണ്ടറുകളുടെ വില നിയന്ത്രിക്കുകയോ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
