കേരള സർക്കാറിന്റെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോൺ, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ ആരംഭിച്ചു. കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ ഗൂഗിളിന്റെ വിവിധ ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുമെന്ന് കെ-ഫോൺ അധികൃതർ അറിയിച്ചു.
സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സേവന നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം.
ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിലൂടെ ഡാറ്റാ ലഭ്യതയുടെ വേഗത വർധിപ്പിക്കാനും വീഡിയോ സ്ട്രീമിംഗ് നിലവാരം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കും. ഡാറ്റാ ലേറ്റൻസി കുറയ്ക്കുക, നെറ്റ്‌വർക്ക് ട്രാഫിക് കാര്യക്ഷമമായി നിയന്ത്രിക്കുക, അന്തർദേശീയ ബാൻഡ്‌വിഡ്ത്ത് ഉപയോഗം കുറയ്ക്കുക തുടങ്ങിയ നേട്ടങ്ങളും ഇതിലൂടെ ലഭിക്കും.
ഇതിനിടെ, കെ-ഫോൺ പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. സാമ്പത്തികമായി പദ്ധതി കൂടുതൽ പ്രയോജനകരമാക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം പരിഗണിക്കണമെന്ന നിർദേശങ്ങൾ ചില സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ പദ്ധതി സ്വകാര്യവൽക്കരിച്ചാൽ ബിപിഎൽ കുടുംബങ്ങൾക്ക് ലഭിക്കുന്ന സൗജന്യ ഇന്റർനെറ്റ് കണക്ഷനുകളും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളും ബാധിക്കപ്പെടുമെന്ന ആശങ്ക ഉയരുന്നുണ്ട്.
32,000 കിലോമീറ്ററിലധികം ഫൈബർ ശൃംഖലയും 1.76 ലക്ഷത്തിലധികം കണക്ഷനുകളും ഉള്ള കെ-ഫോൺ, സംസ്ഥാനത്തെ ഡിജിറ്റൽ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരികയാണ്.
