നിറപ്പകിട്ടിന്റെ വസന്തകാലം തീർത്ത് ഊട്ടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. സസ്യോദ്യാനത്തിൽ മേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും മഴയാണ് സംഘാടകരുടെ ആശങ്ക. ഞായറാഴ്ച വൈകിട്ട് ശക്തമായ മഴ പെയ്തതിനെ തുടർന്ന് തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നേരു മേള ഉദ്ഘാടനം ചെയ്യും. ഈ മാസം 28 വരെയാണ് പുഷ്പമേള നടക്കുക. ജപ്പാൻ, ജർമനി, നെതർലൻഡ്‌സ്, അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന് വളർത്തിയ അപൂർവ സസ്യങ്ങൾ ഉൾപ്പെടെ 275 ഇനങ്ങളിലായി പത്ത് ലക്ഷത്തിലധികം പൂച്ചെടികളാണ് മേളയിൽ വിരിഞ്ഞുനിൽക്കുന്നത്. ടുലിപ്, കാർണേഷൻ, ഡാലിയ, ലില്ലി, ബിഗോണിയ, ജെറോണിയ തുടങ്ങിയ പൂക്കളും പ്രധാന ആകർഷണങ്ങളാണ്.
പൂക്കൾ കൊണ്ട് നിർമിച്ച മഹാബലിപുരം ക്ഷേത്രത്തിന്റെ മാതൃകയും തമിഴ്‌നാടിന്റെ സംസ്കാരം അവതരിപ്പിക്കുന്ന പുഷ്പാലങ്കാര രൂപങ്ങളും മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
അതേസമയം, ഊട്ടി റോസ് ഗാർഡനിൽ ആരംഭിച്ച പനിനീർ പുഷ്പമേളയും വലിയ ജനശ്രദ്ധ നേടുകയാണ്. 70,000 പൂക്കൾ ഉപയോഗിച്ച് ഒരുക്കിയ ഇരട്ട അരയന്നങ്ങളുടെ മാതൃക, പക്ഷികളുടെ ശബ്ദം കേൾക്കാവുന്ന ക്യുആർ കോഡ് സംവിധാനങ്ങൾ, അപൂർവ ഇനങ്ങളിലെ 4,301 റോസാപ്പൂക്കൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
മേള കാണാൻ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം സഞ്ചാരികൾ ഇത്തവണ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.
