ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ച 2026ലെ യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടികയിൽ ഒമ്പത് ഇന്ത്യക്കാരാണ് ഇടം നേടിയത്. മലയാളി വ്യവസായി എം.എ യൂസഫലി പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 5.8 ബില്യൺ ഡോളർ ആസ്തിയുള്ള യൂസഫലി യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളിയായി തുടരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 110 ബില്യണ്‍ ഡോളറാണ് ആസ്തി. 20.8 ബില്യൺ ഡോളർ ആസ്തിയുള്ള വിനോദ് അദാനിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
പട്ടികയിൽ ഉള്ള ഇന്ത്യൻ വംശജരുടെ ആകെ ആസ്തി 49.9 ബില്യൺ ഡോളറാണ്. ആരോഗ്യം, വിദ്യാഭ്യാസം, നിർമാണം, ഭൂവികസനം, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗതിയാനി (5.6 ബില്യണ്‍ ഡോളര്‍), ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (4.2 ബില്യണ്‍ ഡോളര്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്‍ (3.9 ബില്യണ്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ (1.8 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാര്‍.
