പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള എണ്ണപ്രതിസന്ധിക്കിടെ രാജ്യത്ത് പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
സെക്കന്തരാബാദിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ധന ഇറക്കുമതിയിലേക്കുള്ള ആശ്രയം കുറയ്ക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും ദേശീയതാൽപര്യം മുൻനിർത്തി ജനങ്ങൾ ചെലവ് നിയന്ത്രണത്തിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കുക, മെട്രോ യാത്രകൾക്ക് മുൻഗണന നൽകുക, സ്വകാര്യ വാഹനങ്ങൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുക, കാർപൂളിംഗ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും മോദി മുന്നോട്ടുവെച്ചു.
കോവിഡ് കാലത്ത് നടപ്പാക്കിയതുപോലെ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വീഡിയോ കോൺഫറൻസുകൾ എന്നിവ വീണ്ടും വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ഇന്ധനച്ചെലവ് കുറയ്ക്കാനാകുകയും വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സഹായകരമാകുകയും ചെയ്യുമെന്ന് മോദി വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്നും അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയാണ്. വില ഇതിനകം 100 ഡോളർ പിന്നിട്ടു. ഇറാൻ യുദ്ധ സാഹചര്യം കൂടുതൽ വഷളായാൽ ക്രൂഡോയിൽ വില 120 ഡോളർ വരെ ഉയരാമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നുണ്ട്.
എണ്ണവില വർധനയുടെ ആഘാതം പൊതുമേഖല എണ്ണക്കമ്പനികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾക്ക് പ്രതിദിനം 1600 മുതൽ 1700 കോടി രൂപവരെ നഷ്ടമുണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ച് പത്താഴ്ച പിന്നിടുമ്പോൾ എണ്ണക്കമ്പനികളുടെ ആകെ നഷ്ടം ഒരു ലക്ഷം കോടി രൂപ കവിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷവും എണ്ണവില വർധനയും വിലയിരുത്താൻ കേന്ദ്രം ഉടൻ നിർണായക യോഗം ചേരുമെന്നാണ് വിവരം.
