2024 ൽ വിവിധ ബ്രോക്കറേജുകൾ ശക്തമായ വളർച്ച കാണുന്നൊരു മേഖലയാണ് പ്രതിരോധമേഖല. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ കൂടുതൽ നിക്ഷേപം നടത്തുന്നതിനാൽ ഈ മേഖലയിലെ കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതുപ്രകാരം പ്രതിരോധ രംഗത്തുള്ള ഓഹരികൾ നിക്ഷേപകരുടെ റഡാറിലുണ്ട്.
ഇക്കൂട്ടത്തിൽ ശക്തമായ ഓർഡർ ബുക്കും മികച്ച പ്രകടനവും കൊണ്ട് ശ്രദ്ധേയമായ കമ്പനിയാണ് പൊതുമേഖലയിലുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്. മൂന്ന് വർഷം കൊണ്ട് 955 ശതമാനം റിട്ടേൺ നൽകിയ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുകയാണ് ആന്റ്വിക് ബ്രോക്കിംഗ്.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്‌ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്. യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ, അന്തർവാഹിനികൾ, സപ്പോർട്ട് വെസലുകൾ, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, ട്രോളറുകൾ, മെയിൻ, ഹെലിഡെക്കുകൾ, ബാർജുകൾ എന്നിവ കമ്പനി നിർമിക്കുന്നു.
മൂന്ന് വർഷം കൊണ്ട് മികച്ച നേട്ടം
മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിന്റെ ഓഹരികൾ കഴിഞ്ഞ 3 വർഷമായി നിക്ഷേപകർക്ക് അസാധാരണമായ റിട്ടേണാണ് നൽകുന്നത്. 2021 ജനുവരിയിലെ 218 രൂപയായിരുന്ന ഓഹരി നിലവിൽ ഏകദേശം 2,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 3 വർഷത്തിനുള്ളിൽ ഓഹരി ഏകദേശം 955 ശതമാനം ഉയർന്നു. അതായത്, 2021 ജനുവരിയിൽ ഈ ഓഹരിയിൽ 10,000 രൂപ നിക്ഷേപ നടത്തിയിരുന്നെങ്കിൽ ഇന്നത്തെ മൂല്യം 1.05 ലക്ഷം രൂപയാകുമായിരുന്നു.
ഓഹരി പ്രകടനം
ജനുവരി മാസത്തിൽ ഇതുവരെ കാര്യമായ മുന്നേറ്റമൊന്നും ഓഹരി വിലയിലുണ്ടായിട്ടില്ല. അര ശതമാനമാണ് ഓഹരി വില ഉയർന്നത്. 2023-ൽ എട്ട് മാസത്തിനുള്ളിൽ ഓഹരി പോസിറ്റീവ് റിട്ടേൺ നൽകി. 4 മാസങ്ങളിൽ (ഫെബ്രുവരി, മാർച്ച്, ഓഗസ്റ്റ്, ഒക്ടോബർ) നഷ്ടത്തിലായിരുന്നു. പോസിറ്റീവ് ആയ 8 മാസങ്ങളിൽ 5-ലും ഇത് ഇരട്ട അക്ക റിട്ടേൺ നൽകി. ജൂണിൽ 54 ശതമാനവും ജൂലായിൽ 52 ശതമാനവും സെപ്റ്റംബറിൽ 18.5 ശതമാനവും ഓഹരി ഉയർന്നു.
നിലവിൽ 2,299 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരി സർവകാല ഉയരമായ 2,483 രൂപ ( 2023 സെപ്‌റ്റംബർ 8-ന് രേഖപ്പെടുത്തിയത്) യിൽ നിന്ന് 7 ശതമാനം അകലെയാണ്.2023 മാർച്ച് 27-ന് രേഖപ്പെടുത്തിയ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 612.80 രൂപയിൽ നിന്ന് 275 ശതമാനത്തിലധികമാണ് ഓഹരി ഉയർന്നത്.
ഓഹരിക്ക് അനുകൂല കാലം
പ്രതിരോധത്തിൽ സ്വാശ്രയത്വം വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളും ‘മേക്ക് ഇൻ ഇന്ത്യ’ പോലുള്ള പദ്ധതികളും മസഗോൺ ഡോക്ക് പോലുള്ള പ്രതിരോധ കമ്പനികളെ ശ്രദ്ധേയമാക്കുന്നു. അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആറ് അടുത്ത തലമുറ ഓഫ്‌ഷോർ പട്രോളിംഗ് വെസലുകളുടെ (എൻജിഒപിവി) നിർമാണത്തിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ 1600 കോടി രൂപയുടെ കരാറിൽ കമ്പനി ഒപ്പിട്ടിരുന്നു.
ആന്റ്വിക്ക് സ്റ്റോക്ക് ബ്രോക്കിംഗ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ ശുഭാപ്തിവിശ്വാസം തുടരുകയാണ്. ഓഹരിയിൽ ബൈ റേറ്റിംഗ് നൽകുന്ന ബ്രോക്കറേജ് 2,774 രൂപയാണ് ഓഹരിക്ക് കാണുന്ന ലക്ഷ്യവില. നിലവിൽ 2,299 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് പ്രകാരം 20 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത് കാണിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.