ചുരുണ്ട മുടിയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ്
ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അവിടെ നിന്ന് ചുരുണ്ട മുടിക്കുളള ഒരു ബ്രാൻഡായി മാറി, അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ 75 ലക്ഷം ഫണ്ടിംഗ് നേടി തിളങ്ങിയ The Manetain എന്ന ഹെയർകെയർ ബ്രാൻഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മലയാളി സംരംഭകയായ ഹിൻഷാര ഹബീബ് കോ-ഫൗണ്ടറായ സ്റ്റാർട്ടപ്പ് BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപമാണ് നേടിയത്. 10 ശതമാനം ഇക്വിറ്റിക്ക് പകരമായാണ് അമൻ ഗുപ്ത നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഹിൻഷാര ഹബീബും യുബ ഖാൻ ആഗയും ചേർന്ന് 2018ലാണ് ഹെയർ കെയർ പ്രൊഡക്‌ടുകളും ആക്‌സസറീസും നൽകുന്ന The Manetain ആരംഭിച്ചത്. ഓഡിറ്ററായ ഹിൻഷാരയും ദന്തഡോക്ടറായ യുബ ഖാനും സ്ത്രീകൾക്കുള്ള മുടി സംരക്ഷണ നുറുങ്ങുകളും ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇവിടെ നിന്നാണ് ചുരുണ്ട മുടിയുളള സ്ത്രീകൾക്ക് ഉപയോഗിക്കാനാവുന്ന ഉല്പന്നങ്ങൾ എന്ന ആശയത്തിലേക്ക് ഹിൻഷാരയും യൂബയും എത്തുന്നത്. ചുരുണ്ട മുടി ഒരു കോംപ്ലക്സായി കണ്ടിരുന്ന അക്കാലത്ത് മുടിയുടെ സംരംക്ഷണവും ബുദ്ധിമുട്ടേറിയതായിരുന്നു. തന്നെയുമല്ല, ആ സമയത്ത് ചുരുണ്ട മുടിയുടെ പരിചരണത്തിനായുളള ഉല്പന്നങ്ങൾ വിദേശങ്ങളിൽ നിന്നു വരുന്നതും വിലയേറിയതുമായിരുന്നു. മുടിയുടെ സ്വാഭാവികത നശിപ്പിക്കുന്ന സൾഫേറ്റ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെയും രാസ ചികിത്സകളുടെയും ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന ചിന്തയും സ്റ്റാർട്ടപ്പിന്റെ പിറവിയിലേക്ക് നയിച്ചു. 30,000 രൂപ ഇരുവരും നിക്ഷേപിച്ച് വലിയൊരു സംരംഭം എന്ന ലക്ഷ്യത്തിലുപരി ഒരു പാഷൻ, ഒരു ആവശ്യകത എന്ന ചിന്തയിലായിരുന്നു തുടക്കമിട്ടത്.