എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ, ഇക്കാലത്തും പൊലീസുകാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് രേഖാചിത്രം. കുറ്റവാളികളുടെ രേഖാചിത്രങ്ങൾ വരച്ചുകഴിഞ്ഞാൽ, അത് ലോകമെമ്പാടും നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട്. എന്നാൽ, രേഖാചിത്രം വരക്കാൻ എടുക്കുന്ന സമയത്തിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. അന്നും ഇന്നും ചിത്രകാരൻമാരാണ് അത് വരക്കുന്നത്.
എന്നാലിപ്പോൾ, രേഖാചിത്രം വരക്കാനും നിർമിത ബുദ്ധി സഹായിക്കും. നിമിഷങ്ങൾക്കുള്ളിൽ കുറ്റവാളിയുടെ രേഖാചിരിത്രം വരച്ച് മൾട്ടിലിംഗ്വൽ എ.ഐ ടൂൾ ഞെട്ടിച്ചിരിക്കുകയാണ്. സുരക്ഷിതമായും വേഗത്തിലും നീതി ഉറപ്പാകുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുന്നത് ചർച്ച ചെയ്യാൻ ചേർന്ന മേക്കർ റെസിഡൻസി പ്രോഗ്രാമിലാണ് ബംഗളൂരു/കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിഡ്‌സ് എന്ന കമ്പനി പുതിയ എ.ഐ ടൂൾ പ്രദർശിപ്പിച്ചത്.
നിയമ, സാങ്കേതിക മേഖലയിലെ വിദഗ്ധർക്ക് മുന്നിലാണ് ടൂളിന്റെ എം.വി.പി പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ഏതു ഭാഷയിൽ വേണമെങ്കിലും കുറ്റവാളിയുടെ രൂപം എ.ഐക്ക് പറഞ്ഞുകൊടുക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളം അടക്കമുള്ള എല്ലാ ഇന്ത്യൻ ഭാഷയും ഇനി എ.ഐ വഴി ഉപയോഗിക്കാനാവും. മെഷീൻ ട്രാൻസ്‌ലേഷന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുന്നത്.