തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ സമ്പൂർണ നവീകരണത്തിലേക്ക്. നിലവിൽ യാത്രക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്റ്റേഷന്റെ മുഖച്ഛായ പൂർണമായി മാറുന്ന തരത്തിലുള്ള വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 438 കോടി രൂപയുടെ നവീകരണമാണ് തിരുവനന്തപുരം സെൻട്രലിൽ നടക്കുന്നത്.
പൈതൃക കെട്ടിടം നിലനിർത്തിക്കൊണ്ടാണ് പുതിയ നിർമ്മാണങ്ങൾ നടക്കുന്നത്. സ്റ്റേഷന്റെ ഇരുവശങ്ങളിലും 10 നിലകളുള്ള രണ്ട് ബ്ലോക്കുകളും പവർഹൗസ് റോഡ് ഭാഗത്ത് ഒമ്പത് നിലകളുള്ള സൗത്ത് ബ്ലോക്കും മൾട്ടിലെവൽ പാർക്കിങ് സംവിധാനവും നിർമിക്കും. ട്രാക്കുകൾക്കും പ്ലാറ്റ്ഫോമുകൾക്കും മുകളിലായി മൂന്ന് കോൺകോഴ്സുകളും വരും. ഇവ വഴി യാത്രക്കാർക്ക് ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ ഉപയോഗിച്ച് നേരിട്ട് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാം.
മധ്യഭാഗത്തെ ഡിപ്പാർച്ചർ കോൺകോഴ്സിൽ ഫുഡ് കോർട്ടുകൾ, ഷോപ്പിങ് ഏരിയകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ വിമാനത്താവള മാതൃകയിൽ സജ്ജമാക്കും. യാത്രക്കാർക്കായി പ്രത്യേക അറൈവൽ കോൺകോഴ്സുകളും ഉണ്ടാകും.
നവീകരണം പൂർത്തിയാകുമ്പോൾ സ്റ്റേഷനിൽ 46 ലിഫ്റ്റുകളും 17 എസ്കലേറ്ററുകളും പ്രവർത്തിക്കും. കെഎസ്ആർടിസി ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുന്ന സ്കൈവോക്കും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, അനുമതികളിലെ കാലതാമസവും നിർമ്മാണ പ്രവർത്തനങ്ങളുമാണ് പദ്ധതി വൈകാൻ കാരണമായിരിക്കുന്നത്. കോൺകോഴ്സ് നിർമാണം തുടങ്ങുന്നതോടെ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. യാത്രക്കാരുടെ പ്രയാസം കുറയ്ക്കാൻ കൂടുതൽ ട്രെയിനുകൾക്ക് കൊച്ചുവേളി, പേട്ട, കഴക്കൂട്ടം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
