പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന പ്രതിസന്ധിയും സമുദ്ര ഗതാഗത തടസ്സങ്ങളും കാരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.
യൂറോപ്പ്, ഗൾഫ്, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിന് സമീപമുള്ള വിഴിഞ്ഞം തുറമുഖം ഇപ്പോൾ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. പ്രതിസന്ധിക്കിടെ നിരവധി ചരക്കുകപ്പലുകൾ തുറമുഖത്തിന് പുറത്ത് കാത്തുനിന്ന സാഹചര്യമാണ് വികസന നടപടികൾ വേഗത്തിലാക്കാൻ കാരണമെന്ന് അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത അറിയിച്ചു.
രണ്ടാംഘട്ട വികസനം പൂർത്തിയായാൽ തുറമുഖത്തിന്റെ വാർഷിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 1.6 ദശലക്ഷം ടിഇയുവിൽ നിന്ന് ഏകദേശം 5.7 ദശലക്ഷം ടിഇയുവായി ഉയരും. പുതിയ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കണ്ടെയ്നർ ബെർത്ത്, കൂടുതൽ കണ്ടെയ്നർ യാർഡുകൾ, വലിയ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള അത്യാധുനിക ക്രെയിനുകൾ എന്നിവ ഒരുക്കും.
കൂടാതെ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെ ഇന്ത്യയിലെ ആദ്യ ഷിപ്പ്-ടു-ഷിപ്പ് എൽഎൻജി ബങ്കറിംഗ് സേവനവും വിഴിഞ്ഞത്ത് ആരംഭിക്കാൻ പദ്ധതിയുണ്ട്. ഭാവിയിൽ ട്രാൻസ്ഷിപ്പ്മെന്റിനൊപ്പം എക്‌സിം കാർഗോ കൈകാര്യം ചെയ്യുന്നതിലും വിഴിഞ്ഞം വലിയ കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.
