ഡോളറിറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 2025 മേയിൽ ഒരു ഡോളറിന് 85.27 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ അത് 95.66 രൂപയായി ഉയർന്നു. അതായത് ഒരു വർഷംകൊണ്ട് രൂപയുടെ മൂല്യത്തിൽ 12 ശതമാനത്തിലധികം ഇടിവുണ്ടായി. പശ്ചിമേഷ്യൻ യുദ്ധത്തിന് ശേഷമുള്ള അനിശ്ചിതത്വമാണ് ഈ ഇടിവ് കൂടുതൽ രൂക്ഷമാക്കിയതെന്ന് സാമ്പത്തിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
‘കെയർ റേറ്റിങ്സി’ന്റെ റിപ്പോർട്ട് പ്രകാരം, പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശേഷം ഏറ്റവും കൂടുതൽ മൂല്യത്തകർച്ച നേരിട്ട ഏഷ്യൻ കറൻസികളിൽ രണ്ടാമതാണ് ഇന്ത്യൻ രൂപ. ഇതോടെ അസംസ്കൃത എണ്ണ, സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില കൂടാനിടയുണ്ട്.
ഗതാഗത മേഖലയിലാണ് ഇതിന്റെ ആഘാതം കൂടുതൽ പ്രകടമാകുക. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ വില ഉയരുന്നത് ചരക്കുനീക്ക ചെലവും യാത്രാചെലവും വർധിപ്പിക്കും. ഇതോടെ പച്ചക്കറി മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ വിലക്കയറ്റം നേരിടാൻ സാധ്യതയുണ്ട്.
ഡോളറിനൊപ്പം യൂറോ, ഓസ്ട്രേലിയൻ ഡോളർ, ചൈനീസ് യുവാൻ എന്നിവയ്‌ക്കെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. വിദേശ നിക്ഷേപത്തിലെ കുറവും ആഗോള അനിശ്ചിതത്വവും രൂപയെ കൂടുതൽ ദുർബലമാക്കുന്ന പ്രധാന കാരണങ്ങളായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
