ചാറ്റ്ജിപിടി ഉപയോഗിച്ച് ഇന്ത്യയിൽ ഇതിനകം ഒരു ബില്ല്യണിലധികം ചിത്രങ്ങൾ സൃഷ്ടിച്ചതായി കമ്പനി സിഇഒ സാം ഓൾട്ട്മാൻ വെളിപ്പെടുത്തി.
“ചാറ്റ്ജിപിടി ഇമേജസ് 2.0 ക്ക് ഇന്ത്യ ഏറെ പ്രിയപ്പെട്ട രാജ്യമാണ്. അവിടെ ഇതിനോടകം ഒരു ബില്ല്യണിലധികം ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത് അതിശയകരമാണ്,” എന്നാണ് സാം ഓൾട്ട്മാൻ എക്സിൽ കുറിച്ചത്.
ഇന്ത്യയാണ് ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ വളർച്ചാ വിപണിയെന്ന് ഓപ്പൺ എഐ ഏതാനും ആഴ്ചകൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ ഉപയോക്താക്കളുടെ എഐ അധിഷ്ഠിത ചിത്ര നിർമ്മാണം പുതിയ റെക്കോർഡിലെത്തിയെന്ന വിവരവും പുറത്തുവന്നത്.
ഈ വർഷം ഏപ്രിലിലാണ് ഓപ്പൺഎഐ “ചാറ്റ്ജിപിടി ഇമേജസ് 2.0” അവതരിപ്പിച്ചത്. മുൻപ് ഉണ്ടായിരുന്ന ഇമേജ് ജനറേഷൻ സംവിധാനത്തേക്കാൾ കൂടുതൽ കൃത്യതയോടെയും യാഥാർഥ്യസാദൃശ്യത്തോടെയും ദൃശ്യങ്ങൾ ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ടെക്സ്റ്റ് നിർദേശങ്ങൾ മാത്രം ഉപയോഗിച്ച് സിനിമാറ്റിക് ഫ്രെയിമുകൾ, ആനിമേഷൻ കഥാപാത്രങ്ങൾ, ഫോട്ടോ റിയലിസ്റ്റിക് ദൃശ്യങ്ങൾ, ഡിസൈൻ മോക്കപ്പുകൾ, ഡിജിറ്റൽ ആർട്ട് എന്നിവ നിർമ്മിക്കാൻ ഇതിന് കഴിയുന്നു.
ഇന്ത്യൻ ഉപയോക്താക്കൾ എഐ ടൂളുകൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾക്കും വലിയ വൈവിധ്യമുണ്ട്. സ്വന്തം ചിത്രങ്ങളെ കാർട്ടൂൺ രൂപത്തിലാക്കുന്ന കാരിക്കേച്ചറുകൾ മുതൽ സിനിമാ പോസ്റ്റർ ശൈലിയിലുള്ള എഡിറ്റുകൾ, പാപ്പരാസി ചിത്രങ്ങൾ, ഫാന്റസി കഥാപാത്രങ്ങൾ, വിവാഹ ക്ഷണക്കത്തുകൾ, സോഷ്യൽ മീഡിയ കാർഡുകൾ എന്നിവ വരെ വ്യാപകമായി നിർമ്മിക്കപ്പെടുകയാണ്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഡിജിറ്റൽ ട്രെൻഡുകളിൽ ഒന്നാണ് ചാറ്റ്ജിപിടി ഉപയോഗിച്ചുള്ള എഐ കാരിക്കേച്ചറുകൾ. ഉപയോക്താക്കളുടെ ഫോട്ടോകൾ കാർട്ടൂൺ, കോമിക്, അനിമേ ശൈലികളിലേക്ക് മാറ്റുന്നതാണ് പ്രധാന പ്രവണത.
ചാറ്റ്ജിപിടിയുടെ “മെമ്മറി” ഫീച്ചറും ഈ ട്രെൻഡിന് കൂടുതൽ വ്യക്തിഗത സ്വഭാവം നൽകുന്നുണ്ട്. ഉപയോക്താവിന്റെ മുൻ സംഭാഷണങ്ങൾ, താൽപര്യങ്ങൾ, ഇഷ്ടങ്ങൾ എന്നിവ ഓർമ്മയിൽ സൂക്ഷിച്ച് അതനുസരിച്ചുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കാനാകുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുവഴി ഓരോരുത്തർക്കും വ്യക്തിപരമായ ഡിജിറ്റൽ അവതാരങ്ങളും സൃഷ്ടിക്കാൻ സാധിക്കുന്നുവെന്ന് ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എഐ അടിസ്ഥാനമാക്കിയുള്ള ദൃശ്യ നിർമ്മാണ മേഖലയിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ സജീവ പങ്കാളിത്തം ആഗോള ടെക് കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ വേഗത്തിൽ സൃഷ്ടിപരമായ ഉള്ളടക്കങ്ങൾ നിർമ്മിക്കാനാകുന്നതാണ് ഇത്തരം എഐ ടൂളുകളുടെ ജനപ്രീതി കുത്തനെ ഉയരാൻ പ്രധാന കാരണം.
