സംസ്ഥാനത്ത് മിൽമ പാലിന് വില വർധിക്കും. മെയ് 21 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിന് ഔദ്യോഗിക അംഗീകാരം നൽകും.
നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിൽ എട്ട് പേർ മാത്രമാണ് സർക്കുലറിൽ ഒപ്പുവെച്ചത്. ഭൂരിപക്ഷം അംഗങ്ങളും ഇതിൽ നിന്ന് വിട്ടുനിൽക്കുകയും കൃത്യമായി ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്ത് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
വിലവർധനയിലൂടെ ലഭിക്കുന്ന അധിക തുകയുടെ വലിയൊരു വിഹിതം ക്ഷീരകർഷകർക്ക് ലഭിക്കുമെന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന പ്രത്യേകത. വർധിപ്പിക്കുന്ന തുകയുടെ 83.75 ശതമാനം, അതായത് ലിറ്ററിന് ഏകദേശം 3.33 രൂപ, നേരിട്ട് കർഷകർക്ക് നൽകും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സംഘങ്ങൾക്കും ഡീലർമാർക്കും ലഭിക്കും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി 0.5 ശതമാനവും വിനിയോഗിക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പാൽ വില വർധന സംബന്ധിച്ച നടപടികൾ മിൽമ ആരംഭിച്ചത്. ഇതിനായി നിയോഗിച്ച പഠന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ മിൽമ പാലിന്റെ ശരാശരി ലിറ്റർവില 56 രൂപയിലേക്ക് ഉയരും. ഇതോടൊപ്പം തൈര്, നെയ്യ്, പേഡ തുടങ്ങിയ അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിക്കാനിടയുണ്ട്.
