ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ അത്യാധുനിക സ്റ്റെൽത്ത് യുദ്ധക്കപ്പലായ ‘മഹേന്ദ്രഗിരി’ ഒരുങ്ങുന്നു. ‘പ്രോജക്ട് 17 എ’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആറ് യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഇത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ നിർമ്മിച്ച കപ്പൽ നാവികസേനയ്ക്ക് കൈമാറിയിട്ടുണ്ട്. കമ്മിഷനിങ് ഉടൻ നടക്കുമെന്നാണ് സൂചന.
ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് മുന്നേറാൻ കഴിയുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ് മഹേന്ദ്രഗിരിയുടെ പ്രധാന സവിശേഷത. ലോകത്തിലെ അതിവേഗ ക്രൂസ് മിസൈലുകളിൽ ഒന്നായ ബ്രഹ്മോസ് ഉൾപ്പെടെയുള്ള ആയുധ സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്.
150 മീറ്റർ നീളവും 6670 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുമുള്ള മഹേന്ദ്രഗിരിക്ക് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ, 76 എം.എം സൂപ്പർ റാപ്പിഡ് ഗൺ, ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം, ടോർപ്പിഡോ-റോക്കറ്റ് ലോഞ്ചറുകൾ, ആധുനിക സോണാർ സംവിധാനങ്ങൾ എന്നിവയും കപ്പലിലുണ്ട്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ മഹേന്ദ്രഗിരിയുടെ വരവ് ഇന്ത്യയുടെ സമുദ്ര പ്രതിരോധത്തിനും നിരീക്ഷണ ശേഷിക്കും വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.
