രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം സംരക്ഷിക്കാനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനുമായി സ്വർണ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി ഉയർത്തിയതോടെ ആഭ്യന്തര വിപണിയിൽ വില വീണ്ടും ഉയരാനിടയുണ്ട്.
പുതിയ തീരുമാനപ്രകാരം സ്വർണത്തിനുള്ള അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർന്നു. ഇതിന് പുറമെ അഞ്ച് ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ്സും ഈടാക്കും. ഇതോടെ ആകെ നികുതി ഭാരം 15 ശതമാനമായി ഉയർന്നിരിക്കുകയാണ്. മുമ്പ് ഇത് ആറ് ശതമാനമായിരുന്നു.
അസംസ്കൃത എണ്ണയും സ്വർണവും ഇറക്കുമതി ചെയ്യുന്നതിനായി വൻതോതിൽ ഡോളർ ചെലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിനെ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത്.
സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിദേശ നാണ്യ ശേഖരത്തിലെ സമ്മർദ്ദം കുറയ്ക്കാൻ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും സ്വർണ വാങ്ങൽ നിയന്ത്രിക്കണമെന്നായിരുന്നു നിർദേശം.
ഇതിനകം തന്നെ റെക്കോർഡ് നിരക്കിൽ തുടരുന്ന സ്വർണവിലയ്ക്ക് പുതിയ നികുതി വർധനവ് കൂടുതൽ ആഘാതമാകുമെന്നാണ് വിപണി വിലയിരുത്തൽ. വരും ദിവസങ്ങളിൽ ആഭരണ വിപണിയിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. സ്വർണത്തിനൊപ്പം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് വിലകൂടിയ ലോഹങ്ങൾക്കും വിലക്കയറ്റം നേരിടേണ്ടിവരും.
