ലോകത്ത് കൊതുകില്ലാത്ത അപൂർവ രാജ്യമായി അറിയപ്പെട്ടിരുന്ന ഐസ്‌ലാൻഡിന് ആ പദവി നഷ്ടപ്പെടുന്ന ഘട്ടത്തിലാണെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. റേക്ജാവിക് നഗരത്തിന്റെ വടക്കുഭാഗത്താണ് ഗവേഷകർ കൊതുകുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതുവരെ കൊതുകുകൾ സ്ഥിരതാമസമാക്കാൻ കഴിയാത്തതായിരുന്നു ഐസ്‌ലൻഡിന്റെ സവിശേഷത. തണുത്ത കടലും ദീർഘകാല മഞ്ഞുവീഴ്ചയും അതിന് സ്വാഭാവിക പ്രതിരോധമായി പ്രവർത്തിച്ചിരുന്നു.
രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ കൊതുകുകളെ കണ്ടെത്തിയതോടെ ആർട്ടിക് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ആർട്ടിക് മേഖല അതിവേഗം ചൂടാകുന്നതോടെ ആ പ്രകൃതിദത്ത പ്രതിരോധം തകരാറിലാകുകയാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ആഗോള ശരാശരിയേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ആർട്ടിക് മേഖല ചൂടാകുന്നതെന്നാണ് കണ്ടെത്തൽ.
കൊതുകുകളുടെ സാന്നിധ്യം ഒരു സാധാരണ ശല്യമായി മാത്രം കാണാനാവില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ആർത്രോപോഡ് വിഭാഗത്തിൽപ്പെടുന്ന ഇത്തരം ചെറുജീവികൾ പരാഗണം, പോഷക പുനരുപയോഗം, ഭക്ഷ്യശൃംഖല എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നവരാണ്. ഇവയുടെ സാന്നിധ്യത്തിലുള്ള മാറ്റങ്ങൾ ആവാസവ്യവസ്ഥയുടെ ആരോഗ്യസ്ഥിതിയെ നേരിട്ട് ബാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
