രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടും, ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശവും ഇന്ധനവില വർധന സൂചനകളും പുതിയ ആശങ്കകൾ ഉയർത്തുന്നു.
ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയെ തുടർന്ന് ആഗോള എണ്ണവില വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ജാഗ്രതാ നിലപാട് ശക്തമാക്കിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളർ കടന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക സമ്മർദവും വർധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം.
പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും, ചരക്കുനീക്കത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ‘വർക്ക് ഫ്രം ഹോം’, ഓൺലൈൻ ക്ലാസുകൾ, അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കൽ, സ്വർണവാങ്ങൽ നിയന്ത്രണം തുടങ്ങിയ നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഭക്ഷ്യഎണ്ണ ഉപയോഗം കുറയ്ക്കണമെന്നും കർഷകർ രാസവള ഉപഭോഗം ചുരുക്കണമെന്നും സൗരോർജത്തിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപവരെ വർധന വരുത്താൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. ഗാർഹിക എൽപിജി സിലിണ്ടറുകൾക്കും 50 രൂപവരെ വർധന ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ആഘാതം കുറയ്ക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവ ചേർന്ന് അടിയന്തര ചർച്ചകളും നടത്തിയിട്ടുണ്ട്.
ജനങ്ങളോട് നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരാജയത്തിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. അതേസമയം ആഗോള പ്രതിസന്ധിക്കിടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടികളാണിതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.
