കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതികളിൽ നിന്ന് സംസ്ഥാനത്തിന് 2026 മാർച്ച് വരെ 4183.89 കോടി രൂപ തിരിച്ചടവായി ലഭിച്ചതായി റിപ്പോർട്ടുകൾ. കിഫ്ബി വായ്പകൾ സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന വിമർശനങ്ങൾക്കിടെയാണ് പദ്ധതികളിൽ നിന്നുള്ള വരുമാനം ശ്രദ്ധേയാകുന്നത്.
വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തിയ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിൽ നിന്നുമാത്രം 2700.19 കോടി രൂപ തിരിച്ചുകിട്ടി. 977 കോടി രൂപ മുടക്കിയ പെട്രോകെമിക്കൽ പാർക്കിൽ നിന്ന് 540 കോടി രൂപയും തിരുവനന്തപുരം ടെക്നോസിറ്റിക്കായി അനുവദിച്ച 100 കോടിയിൽ 97 കോടി രൂപയും തിരിച്ചടവായി ലഭിച്ചു.
പാലക്കാട്–കണ്ണൂർ വ്യവസായ അടിസ്ഥാന സൗകര്യ വികസനം, ലൈഫ് സയൻസ് പാർക്ക്, ശബരി പദ്ധതി എന്നിവയിൽ നിന്നുമുള്ള വരുമാനവും കിഫ്ബിക്ക് നേട്ടമായി. വരുമാനം ലഭിക്കുന്ന 22,955 കോടി രൂപയുടെ പദ്ധതികൾ കൂടി പൂർത്തിയാകാനിരിക്കെ തിരിച്ചടവ് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏകദേശം 90,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, വ്യവസായ പാർക്കുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ സംസ്ഥാന ബജറ്റിന് പുറത്തായി വേഗത്തിൽ പൂർത്തിയാക്കാൻ ഇതുവഴി സാധിച്ചു. രാഷ്ട്രീയ വിമർശനങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും ഉണ്ടായിട്ടും കിഫ്ബി കേരളത്തിന്റെ ബദൽ വികസന മാതൃകയായി മാറുകയാണെന്നാണ് സർക്കാർ വിലയിരുത്തൽ.
