വളർത്തുമൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകുന്നതിനുള്ള റെയിൽവേ നിബന്ധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ആവശ്യമായ രേഖകളില്ലാതെ വളർത്തുമൃഗങ്ങളുമായി യാത്രചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വളർത്തുമൃഗങ്ങളെ ട്രെയിനിൽനിന്ന് ഇറക്കിവിടാനും പിഴ ഈടാക്കാനും റെയിൽവേയ്ക്ക് അധികാരമുണ്ട്.
സമീപകാലത്ത് ജനറൽ കോച്ചുകളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നവരുടെ എണ്ണം വർധിച്ചതായും എന്നാൽ പലർക്കും നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതായും റെയിൽവേ അധികൃതർ പറയുന്നു.
റെയിൽവേ നിയമപ്രകാരം നായകളെ സാധാരണ യാത്രാകോച്ചുകളിൽ, ഫസ്റ്റ് ക്ലാസ് ഒഴികെ, യാത്രക്കാരോടൊപ്പം കൊണ്ടുപോകാൻ അനുമതിയില്ല. ഫസ്റ്റ് ക്ലാസ് എ.സി. കൂപ്പെയിലോ നാല് ബർത്ത് കാബിനിലോ മാത്രമാണ് നായകളെ ഉടമയ്ക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കുക. ഇതിനായി ഒരേ പി.എൻ.ആർ. നമ്പറിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
നായയെ ‘ഡോഗ് ബോക്സ്’ സംവിധാനത്തിലൂടെ കൊണ്ടുപോകാനുമുള്ള സൗകര്യമുണ്ട്. ഗാർഡ് റൂമിന് സമീപമാണ് ഡോഗ് ബോക്സ് ഒരുക്കിയിട്ടുള്ളത്. ഈ രീതിയിൽ യാത്ര ചെയ്യുമ്പോഴും ടിക്കറ്റെടുത്ത യാത്രക്കാരൻ കൂടെയുണ്ടാകണം. യാത്രയ്ക്കിടെ നായയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉടമ തന്നെ നൽകണം.
നായകളെ യാത്രയ്ക്ക് കൊണ്ടുപോകാൻ ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 24 മണിക്കൂറിനകം ലഭിച്ച ട്രാവൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്. ഫസ്റ്റ് ക്ലാസ് എ.സി. യാത്ര ഓൺലൈനായി ബുക്ക് ചെയ്യാനാകുമ്പോൾ ഡോഗ് ബോക്സ് ബുക്കിംഗ് റെയിൽവേ ഓഫീസിൽ നേരിട്ട് എത്തിയാണ് നടത്തേണ്ടത്.
പൂച്ചകളെ എല്ലാ ക്ലാസുകളിലും യാത്രയ്ക്ക് കൊണ്ടുപോകാൻ അനുമതിയുണ്ട്. എന്നാൽ ബാഗ്, ബാസ്കറ്റ് തുടങ്ങിയ സുരക്ഷിത സംവിധാനങ്ങളിലായിരിക്കണം അവയെ സൂക്ഷിക്കേണ്ടത്. മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാകരുതെന്നും റെയിൽവേ നിർദേശിക്കുന്നു. പൂച്ചകൾക്കും നായകൾക്കുള്ളതുപോലെ വാക്സിനേഷൻ ഉൾപ്പെടെയുള്ള രേഖകൾ നിർബന്ധമാണ്.
കുതിരകളെപ്പോലുള്ള വലിയ വളർത്തുമൃഗങ്ങളെയും പ്രത്യേക ലഗേജ് വാനുകളിൽ റെയിൽവേ നിയമാവലി പ്രകാരം കൊണ്ടുപോകുന്നുണ്ട്. യാത്രയ്ക്ക് മുൻപ് എല്ലാ രേഖകളും ഉറപ്പാക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.
