ലക്ഷദ്വീപ് സന്ദർശനം ഇനി കൂടുതൽ എളുപ്പമാകുന്നു. യാത്രയ്ക്ക് സ്പോൺസറിന്റെയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെയും നിർബന്ധമില്ല. എൻട്രി പെർമിറ്റ് നടപടികൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം പുതിയ ഉത്തരവ് പുറത്തിറക്കി.
മുമ്പ് ദ്വീപ് സന്ദർശിക്കാൻ സ്പോൺസറുടെ സമ്മതപത്രവും പൊലീസ് ക്ലിയറൻസും അനിവാര്യമായിരുന്നു. ഈ സങ്കീർണ നടപടികൾ ഒഴിവാക്കിയതോടെ സഞ്ചാരികളുടെ വരവ് വർധിക്കുമെന്നാണ് പ്രതീക്ഷ. ഇനി ആവശ്യമായ സുരക്ഷാ പരിശോധനകൾ ലക്ഷദ്വീപ് പോലീസ് തന്നെ നേരിട്ട് കൈകാര്യം ചെയ്യും.
പുതിയ സംവിധാനപ്രകാരം, യാത്രാ തീയതിക്ക് കുറഞ്ഞത് 14 ദിവസം മുമ്പ് പെർമിറ്റിന് അപേക്ഷിക്കണം. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ദ്വീപുകളുടെ പേരും യാത്രാ തീയതികളും കൃത്യമായി രേഖപ്പെടുത്തണം. പെർമിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ദ്വീപുകളിൽ പ്രവേശനം അനുവദിക്കില്ല.
കവരത്തി, അഗത്തി പോലുള്ള ട്രാൻസിറ്റ് പോയിന്റുകളിൽ ഇറങ്ങിയ ശേഷം മാത്രമാണ് മറ്റ് ദ്വീപുകളിലേക്ക് യാത്ര തുടരാൻ സാധിക്കുക. ഈ കേന്ദ്രങ്ങളിൽ പരമാവധി 12 മണിക്കൂർ മാത്രമേ താമസിക്കാൻ അനുമതിയുള്ളു. യാത്രാ പെർമിറ്റ് ലഭിച്ചതിനു ശേഷം മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും നിർദേശമുണ്ട്
1967 മുതൽ നിലനിന്നിരുന്ന പഴയ വ്യവസ്ഥകൾ മാറ്റിയാണ് പുതിയ തീരുമാനം. സഞ്ചാരികൾക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
