സൈബർ സുരക്ഷാ രംഗത്ത് പുതിയ ആശങ്കകൾ ഉയർത്തി ആന്ത്രോപിക്ക് വികസിപ്പിച്ച എ.ഐ. മോഡൽ ‘ക്ലോഡ് മിത്തോസ്’. ബാങ്കുകൾ, ടെലികോം കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത ശക്തമാക്കി.
കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ബാങ്കുകളുടെ മേധാവികളുമായി ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിൽ സൈബർ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രതയും ഏകോപനവും അനിവാര്യമാണെന്ന് നിർദേശിച്ചു.
ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തമായ എ ഐ മോഡലാണ് ക്ലോഡ് മിത്തോസ്. സൈബർ സുരക്ഷയിൽ ഈ മോഡൽ വളരെ മികച്ചതായതിനാൽ മിത്തോസ് പോലുള്ള എ.ഐ. ടൂളുകൾ തെറ്റായ കൈകളിലെത്തിയാൽ സിസ്റ്റങ്ങളിലെ പഴയ പിഴവുകളും സുരക്ഷാ ദൗർബല്യങ്ങളും കണ്ടെത്തി ഹാക്കർമാർക്ക് സൈബർ ആക്രമണങ്ങൾ നടത്താൻ കൂടുതൽ എളുപ്പമാക്കും. ബാങ്കിംഗ്, ടെലികോം മേഖലകൾ മാത്രമല്ല, പവർ ഗ്രിഡുകൾ, എണ്ണക്കുഴൽ സംവിധാനങ്ങൾ, വ്യാവസായിക ശൃംഖലകൾ എന്നിവയും അപകടസാധ്യതയിൽപ്പെടും.
റിപ്പോർട്ടുകൾ പ്രകാരം, പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വെബ് ബ്രൗസറുകളിലും വർഷങ്ങളായി നിലനിന്നിരുന്ന ദൗർബല്യങ്ങൾ കണ്ടെത്താൻ ഈ മോഡലിന് കഴിഞ്ഞിട്ടുണ്ട്. ഇതുപോലുള്ള കഴിവുകൾ വ്യാപകമായി ലഭ്യമാകുകയാണെങ്കിൽ, സാധാരണ ഉപയോക്താക്കൾക്കും ഉയർന്ന തലത്തിലുള്ള ഹാക്കിംഗ് ശേഷി ലഭിക്കാമെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെക്കുന്നത്.
ഇതിനിടെ, ധനകാര്യ മന്ത്രാലയം ബാങ്കുകൾക്കും ബന്ധപ്പെട്ട ഏജൻസികൾക്കും ഭീഷണി തിരിച്ചറിയാനും പ്രതിരോധിക്കാനും പ്രത്യേക ചട്ടക്കൂട് തയ്യാറാക്കാൻ നിർദേശം നൽകി. തത്സമയ ഭീഷണി വിവരങ്ങൾ പങ്കിടുന്നതിനുള്ള സംവിധാനം ശക്തമാക്കും.
സൈബർ ആക്രമണങ്ങൾ നേരിടുന്നതിനായി ബാങ്കിംഗ് സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനും ഉപഭോക്തൃ ഡാറ്റ സംരക്ഷണത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാനും സർക്കാർ നിർദേശം നൽകി.
ആഗോളതലത്തിലും ഈ വിഷയത്തിൽ ജാഗ്രത വർധിച്ചിട്ടുണ്ട്. യുഎസും സമാനമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈബർ സുരക്ഷാ രംഗത്ത് എ.ഐ.യുടെ വളർച്ച പുതിയ അവസരങ്ങൾക്കൊപ്പം വലിയ വെല്ലുവിളികളും ഉയർത്തുന്നതായി ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.
