രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകൾ ചർച്ചയാകുന്നു. റിപ്പോർട്ട് പ്രകാരം, ആളോഹരി ജിഡിപിയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കാൻ സാധ്യത.
2026 ഏപ്രിലോടെ ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിലെത്തുമെന്നാണ് പ്രവചനം. അതേ സമയം ഇന്ത്യയുടെ ആളോഹരി വരുമാനം 2812 ഡോളറായിരിക്കും. ഇതോടെ ഏകദേശം 99 ഡോളറിന്റെ വ്യത്യാസത്തിൽ ബംഗ്ലാദേശ് മുന്നിലെത്തുമെന്നാണു വിലയിരുത്തൽ. 2021ലും സമാന പ്രവണത ഉണ്ടായിരുന്നുവെങ്കിലും അത് ദീർഘകാലം നിലനിന്നില്ല.
എന്നാൽ ഈ മുന്നേറ്റം സ്ഥിരമായിരിക്കില്ലെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. 2027ഓടെ ഇന്ത്യ വീണ്ടും മുന്നിലെത്തുകയും 3074 ഡോളർ ആളോഹരി ജിഡിപിയിലേക്ക് ഉയരുകയും ചെയ്യും. തുടർന്ന് 2031 വരെ ഇന്ത്യയുടെ സ്ഥാനം ഉറപ്പായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
മൊത്ത ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യക്ക് വ്യക്തമായ മേൽക്കൈ തുടരുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.1 ട്രില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ബംഗ്ലാദേശിന്റെ ജിഡിപി ഏകദേശം 510 ബില്യൺ ഡോളറാണ്. ജനസംഖ്യയുടെ വലിപ്പമാണ് ആളോഹരി വരുമാനത്തിൽ ഇന്ത്യയെ പിന്നിലാക്കുന്ന പ്രധാന ഘടകമെന്ന് വിലയിരുത്തുന്നു.
ഒരു രാജ്യത്ത് ഒരു വർഷം നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി. ഇത് ജനസംഖ്യയിലൂടെ പങ്കിടുമ്പോഴാണ് ആളോഹരി ജിഡിപി കണക്കാക്കുന്നത്. ഇന്ത്യ പോലുള്ള വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ മൊത്ത വളർച്ച ശക്തമായിരുന്നാലും ആളോഹരി വരുമാനം കുറവായി കാണപ്പെടാൻ ഇതാണ് കാരണം.
ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ ആറാമതായി താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഇത് താൽക്കാലികമായിരിക്കുമെന്നും, അടുത്ത വർഷങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയരുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനിടെ, സാമ്പത്തിക-രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും ബംഗ്ലദേശിന്റെ മുന്നേറ്റം ശ്രദ്ധേയമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായി നയപരമായ മാറ്റങ്ങൾ ആവശ്യമാണ് എന്ന അഭിപ്രായവും ഉയരുന്നു. എന്നാൽ വ്യത്യസ്ത ജനസംഖ്യയും സാമ്പത്തിക ഘട്ടങ്ങളും ഉള്ള രാജ്യങ്ങളെ ആളോഹരി ജിഡിപി അടിസ്ഥാനത്തിൽ മാത്രം താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
