രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം കേരളത്തിൽ പെട്രോളിന് ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും കൂടി.
ഇതോടെ സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോൾ വില 110 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ 109.60 രൂപയും ഡീസൽ 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 രൂപയിലേക്കുയർന്നു. തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപ പിന്നിട്ടു.
രാജ്യതലസ്ഥാനമായ ഡൽഹിയിലും വില വർധിച്ചു. അവിടെ പെട്രോൾ ലിറ്ററിന് 98.63 രൂപയും ഡീസൽ 91.50 രൂപയുമായി. മുംബൈ, ചെന്നൈ, കൊൽക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലുമുള്ള നിരക്കുകൾ വീണ്ടും ഉയർന്നിട്ടുണ്ട്.
ഇന്ധനവിലക്കയറ്റത്തോടൊപ്പം സിഎൻജി നിരക്കിലും വർധനവുണ്ടായി. കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ സിഎൻജി വില 96.50 രൂപയായി. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎൻജി വില ഉയരുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതുമാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഇറക്കുമതി ചെലവ് ഉയർന്നതും ആഭ്യന്തര വിപണിയിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
മെയ് 15-നാണ് ഇതിനുമുമ്പ് പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചത്. അതിന് പിന്നാലെ വീണ്ടും വില കൂട്ടിയതോടെ സാധാരണക്കാർക്കുള്ള യാത്രാചെലവും ചരക്കു ഗതാഗത ചെലവും കൂടുമെന്ന ആശങ്ക ശക്തമായി.
വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്കയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരകളാണ് അനുഭവപ്പെടുന്നത്. ഡൽഹി, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പമ്പുകളിൽ ഇന്ധനം തീർന്നുവെന്ന മുന്നറിയിപ്പ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു.
സംസ്ഥാനങ്ങളിലെ വാറ്റ് നികുതിയിലെ വ്യത്യാസം കാരണം ജില്ലകൾക്കനുസരിച്ച് ഇന്ധനവിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെന്നും എണ്ണക്കമ്പനികൾ അറിയിച്ചു. എന്നാൽ കേരളത്തിലുടനീളം എല്ലാ പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ അറിയിച്ചു.
സംസ്ഥാനത്തെ ഇന്ധന വിതരണ ശൃംഖല യാതൊരു തടസ്സവുമില്ലാതെ സാധാരണ നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് എണ്ണ വ്യവസായ മേഖലയുടെ സംസ്ഥാനതല കോർഡിനേറ്റർ ഗീതിക മെഹ്‌റ വ്യക്തമാക്കി.
