സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച 11 വനിതാ ജനപ്രതിനിധികളോടുള്ള ആദരസൂചകമായി വനിതകൾക്കായി പ്രത്യേക വിലക്കിഴിവ് പദ്ധതിയുമായി സപ്ലൈകോ. ‘വിമൻസ് 11’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 11 ശബരി ഉൽപ്പന്നങ്ങൾക്ക് 11 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് 11 മുതൽ 21 വരെ 11 ദിവസത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും വനിതാ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വീടുകളിലും തൊഴിൽ മേഖലകളിലും സമൂഹത്തിലും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബങ്ങളുടെ ദൈനംദിന ഉപയോഗത്തിനാവശ്യമായ പ്രധാന സാധനങ്ങളാണ് ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെളിച്ചെണ്ണ, അപ്പംപൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കുന്നത്.
