സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടബാധ്യത, നികുതി പിരിവിലെ പോരായ്മകൾ, തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികൾ എന്നിവയുടെ വിശദാംശങ്ങളാണ് സാധാരണയായി ധവളപത്രത്തിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക അവസ്ഥ പൊതുജനങ്ങൾക്കും നിയമസഭയ്ക്കും മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ സഹായത്തോടെയാണ് ധവളപത്രം തയ്യാറാക്കിയത്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലായിരുന്നു സമിതിയുടെ കൺവീനർ.
എന്നാൽ ധവളപത്രം സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ അതിന്റെ ഉള്ളടക്കത്തേക്കാൾ തയ്യാറാക്കൽ രീതിയെച്ചൊല്ലിയാണ് വിവാദം ഉയർന്നത്. ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും പുറത്തുനിന്നുള്ള വിദഗ്ധർക്കായി ഔദ്യോഗിക വിവരങ്ങൾ കൈമാറിയത് ചട്ടവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്തുനിന്നുള്ളവരെ ഏൽപ്പിച്ചത് ഭരണപരമായ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണെന്നും വിദഗ്ധരുടെ സേവനം പരിശോധനയ്ക്കും വിശകലനത്തിനും മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രഹസ്യ രേഖയും പുറത്തുപോയിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു.
1987-ൽ ഇ.കെ. നായനാർ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അന്നത്തെ ധനമന്ത്രി വിശ്വനാഥ മേനോനാണ് ആദ്യ ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയാകെ കെ കരുണാകരൻ സർക്കാർ തകർത്തെന്ന് ആരോപിച്ചായിരുന്നു ആ ധവളപത്രം.
തുടർന്ന് 2001-ൽ എ.കെ. ആന്റണി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ധനമന്ത്രി കെ. ശങ്കരനാരായണനും സാമ്പത്തിക ധവളപത്രം അവതരിപ്പിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താനും ചെലവ് നിയന്ത്രണ നടപടികൾക്ക് അടിത്തറ ഒരുക്കാനുമായിരുന്നു ആ നീക്കം. പിന്നീട് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നതും 32 ദിവസം നീണ്ട ശക്തമായ ജീവനക്കാരുടെ സമരത്തിനും ആ ധവളപത്രം പശ്ചാത്തലമായിരുന്നു.
