രാജ്യത്തെ വീടുകളിലേക്ക് കുറഞ്ഞ ചെലവിൽ സോളാർ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന “പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന” പദ്ധതിക്ക് വലിയ സ്വീകാര്യത. വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ സബ്‌സിഡി നൽകുന്ന പദ്ധതിയിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയിൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള റൂഫ്‌ടോപ്പ് സോളാർ സംവിധാനങ്ങൾക്ക് 78,000 രൂപ വരെ സബ്‌സിഡി ലഭിക്കും. ഒരു കിലോവാട്ട് സോളാർ സംവിധാനത്തിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും കേന്ദ്ര സർക്കാർ സഹായമായി നൽകും.
മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാർ സംവിധാനം സ്ഥാപിച്ചാൽ പ്രതിമാസം 250 മുതൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൾ. നിലവിലെ വൈദ്യുതി നിരക്കുകൾ പരിഗണിക്കുമ്പോൾ മാസത്തിൽ ഏകദേശം 2,200 രൂപ വരെ ലാഭിക്കാനാകും. ഇതുവഴി നാല് വർഷത്തിനുള്ളിൽ മുടക്കിയ തുക തിരികെ ലഭിക്കുമെന്നും വിദഗ്ധർ പറയുന്നു.
25 വർഷം വരെയാണ് ഒരു സോളാർ പാനലിന്റെ ശരാശരി ആയുസ്സ്. അതിനാൽ മുടക്കുമുതൽ തിരിച്ചുകിട്ടിയ ശേഷമുള്ള വർഷങ്ങളിൽ ലഭിക്കുന്ന വൈദ്യുതി വലിയ തോതിൽ സൗജന്യമായി ഉപയോഗിക്കാനാകും.
ഇന്ത്യയിലെ ഒരു കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പുനരുപയോഗ ഊർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമായ മേൽക്കൂരയും സാധുവായ വൈദ്യുതി കണക്ഷനും ഉള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
