ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകകളിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതൽ. ആഗോളതലത്തിൽ, 2020 മുതൽ 2023 വരെ കോവിഡ് ബാധയും അതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളും മൂലം ഏകദേശം 2.21 കോടി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.
അതേസമയം, വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ ഏകദേശം 70 ലക്ഷം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരിട്ട് കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്കൊപ്പം, മഹാമാരിയുടെ പരോക്ഷ പ്രത്യാഘാതങ്ങളാൽ ഉണ്ടായ മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാമാരിയുടെ ഏറ്റവും ഗുരുതര ഘട്ടം 2021 ആയിരുന്നുവെന്നും ആ വർഷം മാത്രം ഏകദേശം 1.04 കോടി അധിക മരണങ്ങൾ രേഖപ്പെടുത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൂടുതൽ വ്യാപനശേഷിയുള്ള കോവിഡ് വകഭേദങ്ങൾ ലോകവ്യാപകമായി പടർന്നുപിടിച്ചതാണ് മരണനിരക്ക് കുത്തനെ ഉയരാൻ കാരണമായത്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കോവിഡ് മരണനിരക്ക് കൂടുതലായി കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായാധിക്യവും മരണസാധ്യത വർധിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. 85 വയസ്സിന് മുകളിലുള്ളവരിൽ യുവാക്കളെക്കാൾ പത്ത് മടങ്ങ് കൂടുതൽ മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കോവിഡ് സങ്കീർണത വർധിപ്പിച്ചതായും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
മരണ രജിസ്ട്രേഷൻ സംവിധാനങ്ങളിലെ അപാകതകളെയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളിലും മരണങ്ങളുടെ കൃത്യമായ രേഖപ്പെടുത്തൽ ഇന്നും അപൂർണമാണെന്നും, ഭാവിയിലെ മഹാമാരികളെ ഫലപ്രദമായി നേരിടാൻ വിശ്വസനീയമായ മരണ വിവരശേഖരണ സംവിധാനം നിർണായകമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
