രാജ്യത്ത് പാൽവിലയിൽ വർധന. അമൂലും മദർ ഡയറിയും ലിറ്ററിന് രണ്ടു രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ഏകദേശം ഒരു വർഷത്തിന് ശേഷമാണ് അമൂൽ വില വർധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം അമൂൽ ഗോൾഡ് ലിറ്ററിന് 69 രൂപയും അമൂൽ താസ 57 രൂപയുമായി. ബഫല്ലോ മിൽക്കിന്റെ വില 75 രൂപയായി ഉയർന്നു. 500 മില്ലി പായ്ക്കുകളിലും ഒരു രൂപ മുതൽ രണ്ട് രൂപ വരെ വർധനവുണ്ട്.
ഫുൾ ക്രീം മിൽക്ക് ലിറ്ററിന് 72 രൂപ, ടോൺഡ് മിൽക്ക് 60 രൂപ, ഡബിൾ ടോൺഡ് മിൽക്ക് 54 രൂപ, പശുവിൻ പാൽ 62 രൂപ എന്നിങ്ങനെയാണ് മദർ ഡയറിയുടെ പുതിയ നിരക്കുകൾ.
കന്നുകാലി തീറ്റ, പാക്കേജിംഗ് സാമഗ്രികൾ, ഇന്ധനച്ചെലവ് എന്നിവ ഉയർന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് കമ്പനികൾ അറിയിച്ചു. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന തുകയുടെ വലിയൊരു പങ്ക് നേരിട്ട് പാൽ ഉൽപാദകർക്കാണ് ലഭിക്കുന്നത്. കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനാണ് വില പരിഷ്കരണമെന്ന് ഗുജറാത്ത് സഹകരണ പാൽ മാർക്കറ്റിംഗ് ഫെഡറേഷൻ വിശദീകരിച്ചു.
