ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. തുടക്കത്തിൽ തന്നെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി. സെൻസെക്സ് 1,100 പോയിന്റിലേറെ ഇടിഞ്ഞ് 76,226 നിലവാരത്തിലെത്തി. നിഫ്റ്റി 314 പോയിന്റ് താഴ്ന്ന് 23,862ലാണ് വ്യാപാരം നടന്നത്.
ഇടിവിനെ തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഏകദേശം ആറുലക്ഷം കോടി രൂപ നഷ്ടമായി. വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്‌സ് 10 ശതമാനം ഉയർന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ സമാധാന നിർദേശങ്ങൾ തള്ളിയതോടെ ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനം ഉയർന്ന് ബാരലിന് 105 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും വിപണിയെ ബാധിച്ചു.
ടൈറ്റൻ, സെൻകോ ഗോൾഡ് ഉൾപ്പെടെയുള്ള ജ്വല്ലറി ഓഹരികൾ വലിയ ഇടിവ് നേരിട്ടു. ഇന്ധനവും സ്വർണവും ഉൾപ്പെടെയുള്ള ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനവും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം, ക്രൂഡ് വിലക്കയറ്റവും വിദേശ നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ മൂല്യം ഡോളറിനെതിരെ 94.88 ആയി താഴാൻ കാരണമായി.
