മനുഷ്യ-പാമ്പ് സമ്പർക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുമായി വികസിപ്പിച്ച സർപ്പ ആപ്പ് പുതിയ മാറ്റങ്ങളോടെ നവീകരിക്കാനൊരുങ്ങി വനം വകുപ്പ്. പുതിയ പതിപ്പായ ‘സർപ്പ ആപ്പ് 2.0’യിൽ തത്സമയം ഡോക്ടർമാരുടെ ഓൺലൈൻ സഹായം ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ലഭ്യമാക്കും. പാനലിൽ പരമാവധി ഡോക്ടർമാരെ ഉൾപ്പെടുത്താനാണ് ശ്രമം. ഇപ്പോൾ കുറച്ച് ഡോക്ടർമാരുടെ സേവനം മാത്രമേ ആപ്പിലുള്ളൂ.
കൂടാതെ, ആന്റിവെനം ലഭി ക്കുന്ന ആശുപത്രികളുടെ വിവരവും ഉൾപ്പെടുത്തും. ആന്റിവെനത്തിന്റെ സ്റ്റോക്കും മറ്റും കൃത്യമായി അപ്ഡേറ്റ് ചെയ്യും. ‘സർപ്പപാഠം’ ബോധവത്കരണ ക്ലാസുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യവും ഒരുക്കും. ആപ്പ് ആൻഡ്രോയിഡിനൊപ്പം ഐഒഎസ് പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കും.
അന്തരീക്ഷ താപനില ഉയരുന്നതോടെ പാമ്പുകൾ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന സാഹചര്യം വർധിക്കുകയാണ്. പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രജനനകാലത്ത് വിഷപ്പാമ്പുകളുടെ സാന്നിധ്യം കൂടുതലാണ്.
പാമ്പുകടി സംഭവിച്ചാൽ ഉടൻ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. അതിനാൽ രോഗിയെ ഭയപ്പെടുത്താതെ എത്രയും പെട്ടെന്ന് അടുത്തള്ള ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കണം.
2020-ൽ ആരംഭിച്ച സർപ്പ ആപ്പിൽ ഇപ്പോൾ 3600-ലധികം പാമ്പുപിടിത്തക്കാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ ഏകദേശം 1800 പേർ വനംവകുപ്പ് ജീവനക്കാരും, 1200ഓളം പേർ ജനവാസ മേഖലകളിൽ സജീവമായി രക്ഷാപ്രവർത്തനം നടത്തുന്നവരുമാണ്. കഴിഞ്ഞ ആറുവർഷത്തിനിടെ ഇവരുടെ ഇടപെടലിലൂടെ 75,000-ത്തിലധികം പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനത്തിൽ വിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് ഏകദേശം 3500 ലൈസൻസുള്ള പാമ്പുപിടിത്തക്കാരുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സർപ്പ ആപ്പിലൂടെ വിവരം ലഭിക്കുമ്പോൾ ഇവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് പൊതുജനങ്ങൾക്കും ഈ സേവനം ഉപയോഗിക്കാം. ആപ്പ് പ്രവർത്തനം ആരംഭിച്ചതിന് ശേഷം പാമ്പുകടിയേറ്റ് മരണനിരക്കിൽ കുറവ് വന്നതായും അധികൃതർ പറയുന്നു.
