പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി മാറാമെന്ന് ആർ ബി ഐയുടെ മുന്നറിയിപ്പ്. ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മിനിറ്റ്സിലാണ് കേന്ദ്ര ബാങ്ക് ആശങ്ക അറിയിച്ചത്.
ഇറാൻ–അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ ആഗോള വിതരണ ശൃംഖലയെ ബാധിക്കാനിടയുണ്ടെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ തടസ്സം ഉണ്ടാകുകയാണെങ്കിൽ ഊർജ്ജവിലകൾ ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ഇന്ധനവില വർധിക്കുകയും അതുവഴി പണപ്പെരുപ്പ സമ്മർദ്ദം കൂടുകയും ചെയ്യാം.
അതേസമയം,എൽ നിനോ പ്രതിഭാസവും ആശങ്ക സൃഷ്ടിക്കുന്നു. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുമൂലം കാറ്റ്, അന്തരീക്ഷമർദം, മഴയുടെ ക്രമം എന്നിവയ്ക്ക് മാറ്റമുണ്ടാകുന്നതിനാൽ എൽ നിനോ ഇന്ത്യൻ മൺസൂണിനെ ദുർബലമാക്കും. അതിനാൽ, രാജ്യത്തെ കാർഷിക ഉൽപാദനം കുറയാനും, ആവശ്യവസ്തുക്കളുടെ വില ഉയരാനും ഇടയാകുമെന്നാണ് വിലയിരുത്തൽ.
ഈ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ആഭ്യന്തര വിപണി കരുത്തുറ്റതാണെന്ന് ആർബിഐ വിലയിരുത്തുന്നു. 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.9 ശതമാനം ജിഡിപി വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ആഗോള വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ തന്നെ നിലനിർത്താൻ കേന്ദ്ര ബാങ്ക് തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള സമീപനമാണ് ആർബിഐ സ്വീകരിക്കുന്നത്.
