സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലെത്തിയതോടെ പലഭാഗങ്ങളിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. ഉപഭോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി വാക്കാൽ നിർദേശം നൽകി.
മലബാർ മേഖലയിൽ ഒരാഴ്ച മുൻപുതന്നെ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ തെക്കൻ മേഖലകളിലേക്കും ലോഡ് ഷെഡ്ഡിങ് വ്യാപിച്ചു. എന്നാൽ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നും, പ്രതിസന്ധി നേരിടാൻ ആവശ്യമായ ക്രമീകരണങ്ങളാണ് നടപ്പാക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ചൂട് തുടർന്നാൽ രാത്രിയിൽ 30 മിനിറ്റ് വരെ നിയന്ത്രണങ്ങൾ വേണ്ടിവരാമെന്ന സൂചനയുമുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച മാത്രം 115.263 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി. രാത്രി 10.30നും 11നും ഇടയിൽ ആവശ്യം 5950 മെഗാവാട്ട് വരെ ഉയർന്നു, 6000 മെഗാവാട്ട് കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് 11.974 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചപ്പോൾ, ആകെ ആഭ്യന്തര ഉൽപാദനം 27.7653 ദശലക്ഷം യൂണിറ്റായിരുന്നു. ബാക്കി 87.4977 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് എത്തിക്കേണ്ടിവന്നു.
റ്റൈം എഹെഡ് മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി സമർപ്പിച്ച അപേക്ഷയിൽ തെളിവെടുപ്പ് പൂർത്തിയായി. 250 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് പരമാവധി 10.50 രൂപ നിരക്കിൽ വാങ്ങാനാണ് അപേക്ഷ. കമ്മീഷന്റെ അനുമതി ലഭിച്ചാൽ അധിക വൈദ്യുതി ലഭ്യമാകും. ഇതിനിടെ, വേനലിനെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങളിൽ വീഴ്ചവന്നുവെന്ന വിമർശനവും കമ്മീഷൻ ഉയർത്തിയിട്ടുണ്ട്.
