ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ നേതൃനിരയിൽ നിർണായക മാറ്റം. നിലവിലെ സിഇഒയായ ടിം കുക്ക് ഈ വർഷാവസാനത്തോടെ പദവി ഒഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർമാനാകുന്നു. അദ്ദേഹത്തിന് പകരമായി ഹാർഡ്‍വെയർ എൻജിനിയറിങ് വിഭാഗം മേധാവിയായ ജോൺ ടെർണസ് പുതിയ സിഇഒയായി ചുമതലയേൽക്കും.
2021 മുതൽ ഹാർഡ്‍വെയർ എൻജിനിയറിങ് വിഭാഗത്തെ നയിക്കുന്ന ടെർണസ്, ആപ്പിളിൽ 25 വർഷത്തിലേറെ സേവനപരിചയമുള്ള ആളാണ്. കമ്പനിയുടെ വിവിധ പ്രോഡക്ട് ഡെവലപ്‌മെന്റ് പദ്ധതികളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, ആപ്പിളിന്റെ പുതിയ ഡിവൈസായ ആപ്പിൾ എയറിന് പിന്നിലും മുഖ്യ പങ്ക് വഹിച്ചു. സെപ്റ്റംബർ ഒന്നിനാണ് ടെർണസ് ഔദ്യോഗികമായി സിഇഒ സ്ഥാനം ഏറ്റെടുക്കുക.
ടെർണസിന്റെ സ്ഥാനത്ത് ഹാർഡ്‍വെയർ എൻജിനിയറിങ് വിഭാഗത്തിന്റെ ചുമതല അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായിരുന്ന ടോം മാരിയേബ് ഏറ്റെടുക്കും. അതേസമയം,ജോണി സ്രൂജി കമ്പനിയുടെ ചീഫ് ഹാർഡ്‍വെയർ ഓഫീസർ സ്ഥാനത്തേക്കെത്തും.
15 വർഷത്തെ സിഇഒ കാലയളവിന് ശേഷം ചെയർമാൻ പദവിയിലേക്ക് മാറുന്ന കുക്ക്, ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. 1998ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. 2011ൽ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളെ തുടർന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആപ്പിളിന്റെ വിപണിമൂല്യം 350 ബില്യൺ ഡോളറിൽ നിന്ന് 4 ട്രില്യൺ ഡോളറായി ഉയർന്നിരുന്നു.
ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 108 ബില്യൺ ഡോളറിൽ നിന്ന് 2025 ഓടെ 416 ബില്യൺ ഡോളറായി വളർന്നു. ലോകമെമ്പാടും 500 ലധികം ആപ്പിൾ സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത് .
