ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ കയറ്റുമതി കമ്പനിയായ രാജേഷ് എക്സ്പോർട്സിനെതിരെ സെബിയുടെ നടപടി. ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ചെയർമാൻ രാജേഷ് മേത്തയെയും കമ്പനിയെയും ഓഹരി വിപണിയിലെ ഇടപാടുകളിൽ നിന്ന് സെബി വിലക്കിയിരിക്കുകയാണ്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ കമ്പനി ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ വരുമാന കണക്കുകളിൽ കൃത്രിമം നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായാണ് സെബിയുടെ പ്രാഥമിക കണ്ടെത്തൽ.
റിപ്പോർട്ടിൽ, കമ്പനിയുടെ വരുമാനത്തിന്റെ 97 മുതൽ 99 ശതമാനം വരെ വ്യാജമാണെന്ന് സെബി ചൂണ്ടിക്കാട്ടി. വിദേശ അനുബന്ധ സ്ഥാപനങ്ങളായ ആർഇഎൽ സിംഗപ്പൂർ, സ്വിറ്റ്സർലൻഡിലെ വാൽകാമ്പി എന്നിവയുടെ പേരിൽ കാണിച്ച വരുമാന കണക്കുകളിൽ അതിനെ സാധൂകരിക്കുന്ന രേഖകൾ കമ്പനി ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ അക്കൗണ്ടുകൾ പുനഃപരിശോധിക്കാൻ പുതിയ ഫോറൻസിക് ഓഡിറ്റിനെ ചുമതലപ്പെടുത്തും.
അതേസമയം, സെബിയുടെ കണ്ടെത്തലുകൾ കമ്പനി നിഷേധിച്ചു. സ്വിസ് റിഫൈനറിയായ വാൽകാമ്പിയുടെ ആഗോള വ്യാപാര വരുമാനം തെറ്റായി വിലയിരുത്തിയതാണ് വിവാദത്തിന് കാരണമായതെന്നാണ് കമ്പനിയുടെ വിശദീകരണം. ആവശ്യമായ രേഖകൾ സമർപ്പിച്ച് ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും കമ്പനി അറിയിച്ചു.
ഇതിന് പിന്നാലെ രാജേഷ് എക്സ്പോർട്സിന്റെ ഓഹരി അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. കമ്പനിയിൽ 10.80 ശതമാനം ഓഹരിയുള്ള എൽഐസിക്കും ഇത് തിരിച്ചടിയായി. ഓഹരി വില ഇടിഞ്ഞതോടെ എൽഐസിയുടെ ഓഹരിയിലും സമ്മർദം പ്രകടമായി.
