കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി. മികവുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആശയരൂപീകരണം മുതൽ കമ്പനി വിപുലീകരണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ വായ്പാ സഹായം ലഭിക്കും.
6.6 ശതമാനം വാർഷിക പലിശനിരക്കിൽ ഈടില്ലാതെയാണ് വായ്പകൾ ലഭ്യമാക്കുന്നത്. സർക്കാർ സബ്സിഡിയും കെഎഫ്സി റിബേറ്റും ഉൾപ്പെടെയാണ് കുറഞ്ഞ പലിശനിരക്ക് സാധ്യമാക്കുന്നത്.
പ്രോഡക്ടൈസേഷൻ ഘട്ടത്തിൽ 25 ലക്ഷം രൂപ വരെയും, കൊമേർഷ്യലൈസേഷന് 50 ലക്ഷം രൂപ വരെയും, സ്കെയിലിങ് അപ്പിന് 2 കോടി രൂപ വരെയും വായ്പ ലഭിക്കും. പർച്ചേസ് ഓർഡറുകൾ നടപ്പാക്കുന്നതിനും വെഞ്ചർ ഡെറ്റ് ഫണ്ടിങ്ങിനുമായി 10 കോടി രൂപ വരെ വായ്പാ സഹായവും ലഭ്യമാണ്.
പദ്ധതിയിലൂടെ ഇതുവരെ 89 കമ്പനികൾക്ക് 112.62 കോടി രൂപ വായ്പ അനുവദിച്ചതായും ഇതിലൂടെ നേരിട്ടും പരോക്ഷമായും 2,072 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും കെഎഫ്സി വ്യക്തമാക്കുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷനിലും വ്യവസായ, ആഭ്യന്തര വ്യാപാര പ്രമോഷൻ വകുപ്പിലും രജിസ്റ്റർ ചെയ്തതും ഇന്ത്യൻ പ്രൊമോട്ടർമാർക്ക് കുറഞ്ഞത് 51 ശതമാനം ഓഹരിയുള്ളതുമായ സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. കമ്പനിയുടെ ഓഫീസും പ്രവർത്തനങ്ങളും കേരളം കേന്ദ്രീകരിച്ചായിരിക്കണം.
കെഎഫ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.kfc.org വഴി ഓൺലൈനായി അപേക്ഷിക്കാം. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷം പ്രോജക്ട് പ്രസന്റേഷനും വിപണി സാധ്യതാ വിലയിരുത്തലും നടത്തിയ ശേഷമായിരിക്കും വായ്പ അനുവദിക്കുക.
