സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവൻ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയിലെത്തി. ഇന്നലെയും ഇന്നുമായി ചേർന്ന് രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 195 രൂപ കുറഞ്ഞ് വില 13,350 രൂപയായി.
രാജ്യാന്തര വിപണിയിലെ സ്വർണവില തകർച്ചയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. ഔൺസിന് 200 ഡോളറിലധികം ഇടിഞ്ഞ് സ്വർണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അമേരിക്കയിലെ ഉയർന്ന പണപ്പെരുപ്പവും ഡോളറിന്റെ കരുത്തും ബോണ്ട് യീൽഡിലെ വർധനവും സ്വർണത്തിന് തിരിച്ചടിയായെന്നാണ് വിപണി വിലയിരുത്തൽ.
ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. വെള്ളിവിലയിൽ കാര്യമായ മാറ്റമില്ല. ഗ്രാമിന് 250 രൂപ.
നിലവിലെ ഇടിവ് തുടർന്നാൽ വരും ദിവസങ്ങളിൽ പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്താനിടയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യാന്തര വിപണിയിൽ വില ഇനിയും താഴേക്ക് പോകുമെന്ന പ്രവചനങ്ങളുമുണ്ട്.
