ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വ്യാപകമായതോടെ നികുതിദായകരുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി. ഇൻകം ടാക്സ് റിട്ടേണിൽ രേഖപ്പെടുത്തിയ വരുമാനത്തേക്കാൾ കൂടുതലായി യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ മാർഗങ്ങളിലൂടെ ചെലവഴിക്കുന്നവരുടെ വിവരങ്ങൾ ഇപ്പോൾ ഡാറ്റാ അനലിറ്റിക്സ് സംവിധാനത്തിലൂടെ പരിശോധിക്കപ്പെടുന്നുണ്ട്.
ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ പുതിയ നിരീക്ഷണ സംവിധാനപ്രകാരം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ഓരോ നികുതിദായകന്റെയും ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റിൽ (AIS) രേഖപ്പെടുത്തുന്നു. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, ഓഹരി നിക്ഷേപങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.
ഈ വിവരങ്ങൾ ഇൻകം ടാക്സ് റിട്ടേണുമായി സ്വയമേവ താരതമ്യം ചെയ്യപ്പെടും. വരുമാനവും ചെലവും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയാൽ സിസ്റ്റം മുന്നറിയിപ്പ് നൽകും. നികുതിദായകർ റിപ്പോർട്ട് ചെയ്യുന്ന വരുമാനം മാത്രമല്ല, അവരുടെ ചെലവിടൽ രീതിയും ഇനി നികുതി വകുപ്പിന്റെ പ്രധാന നിരീക്ഷണ പരിധിയിലായിരിക്കുകയാണ്.
2026 ഏപ്രിൽ 1 മുതൽ എല്ലാ ക്രെഡിറ്റ് കാർഡുകളും PAN കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് കാർഡ് ബില്ലായി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണമായി അടയ്ക്കുകയോ, പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മറ്റ് മാർഗങ്ങളിലൂടെ അടയ്ക്കുകയോ ചെയ്താൽ അവ എസ്.എഫ്.ടി (Statement of Financial Transactions) വഴി റിപ്പോർട്ട് ചെയ്യപ്പെടും.
അതേസമയം, ചെറിയ വീഴ്ചകൾ കണ്ടെത്തിയാൽ ഉടൻ ശിക്ഷാനടപടികളിലേക്ക് കടക്കാതെ ‘നഡ്ജ് കമ്മ്യൂണിക്കേഷൻ’ രീതിയാണ് നികുതി വകുപ്പ് പിന്തുടരുന്നത്. പൊരുത്തക്കേടുകൾ തിരുത്താനോ വിശദീകരിക്കാനോ ആദ്യം നികുതിദായകർക്ക് അവസരം നൽകും. എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കഴിയാത്ത വൻ ഇടപാടുകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകാൻ സാധ്യതയുണ്ട്.
ഫ്രീലാൻസർമാർ, ഒന്നിലധികം വരുമാന മാർഗങ്ങൾ ഉള്ളവർ, വലിയ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർ എന്നിവർ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഇൻവോയ്‌സുകൾ, വായ്പ രേഖകൾ തുടങ്ങിയവ കൃത്യമായി സൂക്ഷിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
