തട്ടിപ്പുകൾ കൂടിയതോടെ ആധാർ കാർഡിന് പുതിയ രൂപമാറ്റത്തിനൊരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ [യുഐഡിഎഐ] . കൂടുതൽ സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുന്നതുമായ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി പുതിയ ഡിസൈനിൽ, പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഉണ്ടാകില്ല. പകരം ഒരു ഫോട്ടോയും സുരക്ഷിതമായ ക്യൂ ആർ കോഡും മാത്രമായിരിക്കും ഉൾപ്പെടുക. ഈ ക്യൂ ആർ കോഡിലൂടെ അംഗീകൃത സംവിധാനങ്ങൾ വഴി മാത്രമേ അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാൻ കഴിയൂ. ഇതിലൂടെ തട്ടിപ്പുകളും ഡാറ്റ ദുരുപയോഗവും കുറയ്ക്കാനാണ് ലക്ഷ്യം.
ആധാർ വിവരങ്ങൾ മുഴുവനും സുരക്ഷിതമായി സർക്കാർ സർവറുകളിൽ സൂക്ഷിക്കപ്പെടും. ആവശ്യമുള്ളപ്പോൾ ഔദ്യോഗിക ആപ്പുകൾ വഴിയാണ് പരിശോധന നടത്തുക. ഫെയ്‌സ് ഓതന്റിക്കേഷൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ തിരിച്ചറിയൽ ഉറപ്പാക്കാനും സൗകര്യം ഉണ്ടാകും.
ഇതോടൊപ്പം, ഫിസിക്കൽ കാർഡുകളുടെ ഉപയോഗം കുറച്ച് ഡിജിറ്റൽ ഐഡി സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകാനാണ് നീക്കം. മാസ്‌ക്ഡ് ആധാർ, ഇ-ആധാർ, ആധാർ ആപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. പഴയ കാർഡുകൾ അസാധുവാകില്ലെങ്കിലും സുരക്ഷാ കാരണങ്ങളാൽ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ ഐഡി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ അവതരിപ്പിച്ച ഗൂഗിൾ വാലറ്റിൽ ആധാർ ഐഡി പിന്തുണയും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് ആധാർ വിവരങ്ങൾ ഫോണിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ച് ഉപയോഗിക്കാം.
എൻക്രിപ്റ്റഡ് രീതിയിൽ സംഭരിക്കുന്നതിനാൽ ഡാറ്റ സുരക്ഷ ഉറപ്പാക്കാമെന്നും, ഫിസിക്കൽ രേഖകൾ കൈവശം വയ്ക്കേണ്ടതിന്റെ ആവശ്യകത കുറയുമെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു. സൈബർ സുരക്ഷയും ഡിജിറ്റൽ ഐഡന്റിറ്റി മാനേജ്മെന്റും ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് നീക്കം.
