കേന്ദ്ര സർക്കാർ രാജ്യത്തെ റോഡ് സുരക്ഷ ശക്തിപ്പെടുത്താൻ ‘വി-ടു-വി’ (Vehicle-to-Vehicle) കമ്യൂണിക്കേഷൻ സംവിധാനം നടപ്പാക്കുന്നു. വാഹനങ്ങൾ തമ്മിൽ നേരിട്ട് വിവരങ്ങൾ കൈമാറുന്ന ഈ സംവിധാനം 2028 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ നിർമിക്കുന്ന വാഹനങ്ങളിലാണ് നിർബന്ധമാക്കുന്നത്. ഇതിനായി 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ചരക്കുവാഹനങ്ങൾ എന്നിവയിൽ ഈ സംവിധാനം നിർബന്ധമാകും. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഓൺ-ബോർഡ് യൂണിറ്റുകളിലൂടെ സമീപ വാഹനങ്ങളുടെ വേഗം, സ്ഥാനം, സഞ്ചാരദിശ, ബ്രേക്കിങ് തുടങ്ങിയ വിവരങ്ങൾ തത്സമയം പരസ്പരം കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ അപകടസാധ്യതയുണ്ടെങ്കിൽ ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കും.
മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുക, റോഡിൽ കേടായി നിൽക്കുന്ന വാഹനം, ജംഗ്ഷനുകൾ, കാഴ്ചപരിമിതിയുള്ള വളവുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ അപകടം ഒഴിവാക്കാൻ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിലയിരുത്തൽ. മൊബൈൽ ടവറുകളുടെ സഹായമില്ലാതെയാണ് വിവരങ്ങൾ കൈമാറുക. ഇതിനായി ടെലികമ്യൂണിക്കേഷൻ വകുപ്പ് പ്രത്യേക സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്.
രാജ്യത്ത് ഓരോ വർഷവും ഏകദേശം 1.8 ലക്ഷം പേർ റോഡ് അപകടങ്ങളിൽ മരിക്കുന്ന സാഹചര്യത്തിൽ, ‘വി-ടു-വി’ സംവിധാനം വഴി 80 ശതമാനം വരെ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. നിലവിൽ ചില രാജ്യങ്ങളിൽ മാത്രം ഉപയോഗത്തിലുള്ള ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ നടപ്പിലാകുന്നതോടെ റോഡ് സുരക്ഷയിൽ നിർണായക മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
