പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷയ്ക്കുമായി മാതാപിതാക്കൾക്ക് മികച്ച സമ്പാദ്യ മാർഗമാണ് കേന്ദ്ര സർക്കാരിന്റെ സുകന്യ സമൃദ്ധി അക്കൗണ്ട് പദ്ധതി. “ബേട്ടി ബചാവോ, ബേട്ടി പഠാവോ” പദ്ധതിയുടെ ഭാഗമായി 2015 ജനുവരി 22-നാണ് ഈ പദ്ധതി ആരംഭിച്ചത്.
10 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസുകളിലോ അംഗീകൃത ബാങ്കുകളിലോ അക്കൗണ്ട് തുറക്കാം. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. കുറഞ്ഞത് 250 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകും.
പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വരെ പിൻവലിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷം പൂർത്തിയാകുമ്പോഴാണ് പദ്ധതി മെച്ച്വർ ആവുക.
ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലേക്കോ ബാങ്കിലേക്കോ അക്കൗണ്ട് മാറ്റാനുള്ള സൗകര്യവും ലഭ്യമാണ്. ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കും. അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ സെക്ഷൻ 10 പ്രകാരം ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതാണ്.
അക്കൗണ്ട് തുറക്കാൻ രക്ഷിതാവിന്റെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും കോപ്പി, കുട്ടിയുടെ ആധാർ കാർഡിന്റെയും ജനന സർട്ടിഫിക്കറ്റിന്റെയും കോപ്പി എന്നിവ ആവശ്യമാണ്.
