രാജ്യത്തെ യുവ സംരംഭകരെ കണ്ടെത്താൻ പുതിയ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ‘വന്ദേഭാരതം’ എന്ന പേരിലുള്ള ദേശീയ സംരംഭകത്വ പദ്ധതിക്കാണ് ഗ്രൂപ്പ് തുടക്കമിട്ടത്. ചെയർമാൻ ഗൗതം അദാനിയുടെ 64-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.
വലിയ നഗരങ്ങളിലോ സ്റ്റാർട്ടപ്പ് ഹബ്ബുകളിലോ മാത്രം ഒതുങ്ങാതെ, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള പുതുമയുള്ള ആശയങ്ങളെ കണ്ടെത്തി പിന്തുണയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രായം, തൊഴിൽ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ പരിമിതികളില്ലാ തെ പുതിയ ആശയങ്ങളോ സം -രംഭകത്വ മോഹങ്ങളോ ഉള്ള ഏതൊരാൾക്കും അപേക്ഷിക്കാം.
സാങ്കേതികവിദ്യ, കൃഷി, നിർമാണം, കരകൗശല മേഖല, സാമൂഹിക നവീകരണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. വനിതകൾ, ഗ്രാമീണ നവീനർ, ഗോത്രവർഗ സമൂഹങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന.
രാജ്യത്തെ 800-ലധികം ജില്ലകളിൽ നിന്നുള്ളവരെ കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 75 ഫൈനലിസ്റ്റുകൾക്ക് അഹമ്മദാബാദിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും നിക്ഷേപകരുമായി ആശയവിനിമയം നടത്താനും അവസരം ഒരുക്കും. മികച്ച ആശയങ്ങൾക്ക് പുരസ്കാരങ്ങളും സമ്മാനത്തുകയും നൽകും.
“രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിഭകളുണ്ട്. എന്നാൽ അവസരങ്ങൾ എല്ലാവരിലേക്കും ഒരുപോലെ എത്തുന്നില്ല. അത്തരത്തിലുള്ള ആളുകളെ കണ്ടെത്തി മുന്നിലെത്തിക്കാനാണ് ‘വന്ദേഭാരതം’ ശ്രമിക്കുന്നത്,” ഗൗതം അദാനി പ്രതികരിച്ചു.
