രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയ വർധന. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. തുടർച്ചയായ വിലക്കയറ്റം സാധാരണക്കാർക്കും ഗതാഗത മേഖലയ്ക്കും വലിയ ആശങ്കയായി മാറുകയാണ്.
പുതിയ നിരക്കുകൾ പ്രകാരം തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി.
ഈ മാസം 15 നാണ് ആദ്യമായി പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം ഉയർത്തിയത്. തുടർന്ന് മെയ് 19-ന് വീണ്ടും വർധന പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിലക്കയറ്റം.
ഇതിനിടെ സിഎൻജി നിരക്കിലും വർധനവുണ്ടായി. കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ സിഎൻജി വില 96.50 രൂപയിലെത്തി. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎൻജി നിരക്കും ഉയരുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതുമാണ് വില വർധനയ്ക്ക് പ്രധാന കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഇറക്കുമതി ചെലവ് കൂടിയതോടെ ആഭ്യന്തര വിപണിയിലും സമ്മർദ്ദം ശക്തമായിരിക്കുകയാണ്.
തുടർച്ചയായ വിലക്കയറ്റം ചരക്കു ഗതാഗത ചെലവും യാത്രാചെലവും ഉയർത്തുമെന്ന ആശങ്ക ശക്തമാണ്. ചില സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരകളും അനുഭവപ്പെടുന്നുണ്ട്. അതേസമയം കേരളത്തിൽ ആവശ്യത്തിന് ഇന്ധന ശേഖരം ലഭ്യമാണെന്നും വിതരണത്തിൽ തടസമില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.
