കേരളം “പാപ്പരായ സംസ്ഥാനം” ആണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പരാമർശത്തെ ശക്തമായി തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രസ്താവനയാണ് ആന്റണിയുടേതെന്നും, പുതിയ യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിൻമാറാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പരാമർശങ്ങളെ കാണേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു.
നിയുക്ത മുഖ്യമന്ത്രി വി. ഡി . സതീശൻ, എ.കെ. ആന്റണിയെ സന്ദർശിച്ച വേളയിലാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചത്. ഇതിന് മറുപടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ബാലഗോപാൽ സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങൾ അക്കമിട്ട് നിരത്തിയത്.
കഴിഞ്ഞ സർക്കാരിന്റെ പ്രകടനപത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കിയതായി ബാലഗോപാൽ അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും സർക്കാർ ഖജനാവിൽ നിന്ന് ഫണ്ടുകൾ തടസ്സമില്ലാതെ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയായിരുന്നുവെന്നും, 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം രണ്ട് ലക്ഷം കോടി രൂപയ്ക്കുമുകളിൽ ചെലവഴിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നിട്ടില്ലെന്നും സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിട്ടില്ലെന്നും ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷനുകളിൽ ഒരു ഗഡുപോലും കുടിശ്ശികയില്ലാതെയാണ് സർക്കാർ അധികാരം ഒഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ പൊതുകടം 2021-ൽ 39 ശതമാനമായിരുന്നത് ഇപ്പോൾ 34 ശതമാനത്തിൽ താഴെയായി കുറഞ്ഞു. കടബാധ്യതയുടെ കണക്കിൽ രാജ്യത്തെ ആദ്യ 15 സംസ്ഥാനങ്ങളുടെ പട്ടികയിൽ പോലും കേരളമില്ല. മികച്ച സാമ്പത്തിക മാനേജ്മെന്റിലൂടെ സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം അഞ്ച് വർഷത്തിനിടെ 47,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4,000 കോടി രൂപയുടെ നീക്കിയിരിപ്പുള്ള സാമ്പത്തികമായി സ്ഥിരതയുള്ള ഖജനാവാണ് പുതിയ സർക്കാരിന് കൈമാറിയതെന്നും ബാലഗോപാൽ അവകാശപ്പെട്ടു. യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷനുകൾ കുടിശ്ശികയായതും വികസന പ്രവർത്തനങ്ങൾ മുടങ്ങിയതും അദ്ദേഹം വിമർശിച്ചു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കാൻ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
