സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം. ആശുപത്രികളിലെ വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് നടപ്പാകുന്നത്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളിൽ ഡിജിറ്റലായി പണം അടയ്ക്കാന്‍ കഴിയും. ഒരു മാസത്തിനകം മറ്റ് സർക്കാർ ആശുപത്രികളിലും ഈ സംവിധാനമെത്തും.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ്റെ സഹകരണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പിഒഎസ് ഉപകരണങ്ങള്‍ എസ്ബിഐ, കാനറാ ബാങ്ക് വഴി ലഭ്യമാക്കിയിട്ടുണ്ട്.
പണമടയ്ക്കുന്നതിന് പുറമെ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങളും ഡിജിറ്റലാക്കും. ഓൺലൈനായി മൊബൈൽ ഫോൺ, കമ്പ്യൂട്ടര്‍, അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങള്‍ക്ക് ഒപി ടിക്കറ്റ് എടുക്കാം. എം-ഇഹെല്‍ത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ യു.എച്ച്. ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മുതലായ വിവരങ്ങള്‍ ലഭിക്കും. സ്കാൻ എൻ ബുക്ക് സംവിധാനത്തിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി ടോക്കൺ എടുക്കാം.