ചെറിയ കാലയളവിനുള്ളിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എയർലൈൻ എന്ന വമ്പൻ നേട്ടത്തിൽ ഇൻഡിഗോ എയർലൈൻ. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 13% വരെ നേട്ടമുണ്ടാക്കി.
ഇന്ത്യൻ വ്യോമയാന മേഖലയിൽ 62% വിപണി വിഹിതമാണ് ഇൻഡിഗോയ്ക്കുള്ളത്. കോവിഡ് കാലത്തിനുശേഷം ഇൻഡിഗോ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ എയർലൈനിൻ്റെ അറ്റനഷ്ടമായി 987 കോടി രൂപയാണ് റിപ്പോർട്ട് ചെയ്തത്.
ഈ സാമ്പത്തിക വർഷത്തിൽ വിമാനങ്ങളുടെ എണ്ണം കൂട്ടാൻ ഇൻഡിഗോ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ കമ്പനിയുടെ 439 വിമാനങ്ങളിൽ 50 എണ്ണം സർവീസ് നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ, ഏകദേശം 50 പുതിയ വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടാൻ സാധ്യതയുണ്ട്. വരും വർഷങ്ങളിൽ അന്താരാഷ്ട്ര വിപണി വളർച്ചയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ ഇൻഡിഗോയുടെ മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് സൂചന.