അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരചുങ്ക നടപടികൾക്ക് പിന്നാലെ സ്വർണ്ണത്തിന്റെ വില വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഏറെക്കുറെ ഇല്ലാതായി. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാല്‍ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു.
അന്താരാഷ്ട്ര വിലയുടെ ചുവടുപറ്റിയാണ് കേരളത്തിലും വില കുതിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണ്ണവില വീണ്ടും കുതിക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്. ഔണ്‍സ് വില 3,200 ഡോളര്‍ കടന്നു മുന്നേറിയേക്കുമെന്നുള്ള പ്രവചനങ്ങള്‍ വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ വില 70,000 കടക്കും.
സ്വര്‍ണവില വലിയതോതില്‍ കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് ഇന്നത്തെ വില വര്‍ധനയോടെ ഉണ്ടായിരിക്കുന്നതെന്ന് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ ഉപയോക്താക്കള്‍ക്ക് വലിയ നേട്ടവുമായി.