മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം. കായ വറുത്തതിന്റെ തനതായ രുചി ഒരുക്കുകയാണ് മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’. കേരളത്തിൽ ഇത്രയും ഡിമാൻഡുള്ള ബനാന ചിപ്‌സ് മാത്രം വിൽക്കുന്ന ബ്രാൻഡുകൾ വളരെ കുറവായിരുന്നു. ഇതിൽ നിന്നാണ് മാനസ് ‘ബിയോണ്ട് സ്നാക്സി’ലേക്ക് എത്തുന്നത്.
ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവിന്റെ സ്ഥാപനത്തിൽ ഡൽഹി ആസ്ഥാന നിക്ഷേപക സ്ഥാപനമായ 12 ഫ്ലാഗ്സ് ഗ്രൂപ്പ് 71 കോടിരൂപ നിക്ഷേപിച്ചു. 2020ലാണ് കമ്പനി തുടങ്ങിയത്. എംബിഎ ബിരുദധാരിയായ മാനസ് ജോലി ഉപേക്ഷിച്ചാണ് സംരംഭകനായത്. ആദ്യം മൂല്യവർധിത ഉൽപന്നങ്ങളുമായി വിപണിയിൽ എത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കായ വറുത്തതുമായി മാനസ് രാജ്യാന്തര വിപണിയിലേക്കെത്തി.ഗുണനിലവാരമുള്ള പ്രീമിയം ചിപ്‌സ്, രാജ്യത്തുടനീളം ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് വാഴപ്പഴം സംഭരിച്ച് വൃത്തിയാക്കി ശുദ്ധമായ എണ്ണയിൽ പാകം ചെയ്യുന്നു. ഇത് കൊളസ്‌ട്രോളും ട്രാൻസ് ഫാറ്റ് രഹിതവുമാണെന്നും കൈ സ്‌പർശമില്ലാതെ പാക്ക് ചെയ്തവയാണെന്നും മാനസ് അവകാശപ്പെടുന്നു. ആമസോൺ, ബിഗ് ബാസ്‌ക്കറ്റ്, ഇന്ത്യ മാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളം കേരള ചിപ്സ് വിൽക്കപ്പെടുന്നുണ്ട്. കൂടാതെ, റീട്ടെയിൽ സ്റ്റോറുകളിലും, സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.