വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ബാങ്കിന്റെ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ് നിലവിൽ 8.90% ആണ്, ഇത് 8.65% ആയാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ, റിപ്പോ നിരക്ക് 6.25% ആണ്. നാല് ദിവസത്തിനുള്ളിൽ 0.50 ബേസിസ് പോയിന്റ് പലിശയാണ് ആർബിഐ കുറച്ചത്. മിക്ക ബാങ്കുകളും പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി റിപ്പോ നിരക്കിനെ കണക്കാക്കുന്നതിനാൽ റിപ്പോയിലെ കുറവ് ഉപഭോക്താക്കൾക്ക് നേരിട്ട് ഫലം ചെയ്യും. മറിച്ച്, റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയോ ഉയർത്തുകയോ ചെയ്താൽ, വായ്പാ നിരക്കുകളിൽ സമാനമായ സ്വാധീനം ഉണ്ടാക്കും.
എസ്‌ബിഐ, ഏകദേശം 42 കോടി ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. സാധാരണ പൗരന്മാർക്ക് ഏകദേശം 3.00% മുതൽ 6.50% വരെയും മുതിർന്ന പൗരന്മാർക്ക് 4.00% മുതൽ 7.50% വരെയും എഫ്‌ഡി നിരക്കുകൾ എസ്‌ബിഐ നൽകുന്നു.
എസ്ബിഐയുടെ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ്) നിരക്ക്, അതായത് ബാങ്ക് ഉപഭോക്താക്കൾക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക്, മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. എസ്‌ബിഐയുടെ ഒരു വർഷത്തെ എംസിഎൽആർ 9% ഉം മൂന്ന് വർഷത്തെ എംസിഎൽആർ 9.10% ഉം ആണ്.
ആർബിഐ തുടർച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. അതോടെ, രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.